
റിയാദ് : നവകേരള ശില്പികളായ ഇ എം എസ്സിന്റെയും എ കെ ജിയുടെയും ജീവചരിത്രം വർഗ്ഗീയതക്കെ തിരായ പോരാട്ടത്തിൽ വഴിവിളക്കാകണമെന്ന് നവോദയ ഓർമ്മപ്പെടുത്തി. നവോദയ സംഘടിപ്പിച്ച ഇ എം എസ്- എ കെ ജി അനുസ്മരണയോഗം ന്യൂ ഏജ് കേന്ദ്ര കമ്മിറ്റി അംഗം വിനോദ് കൃഷ്ണ ഉദ്‌ഘാടനം ചെയ്തു. ഇന്നും ഇന്ത്യയിലെ പ്രതീക്ഷയുടേയും പ്രതിരോധത്തിന്റേയും തുരുത്തായി കേരളം നിലകൊള്ളു ന്നതിൽ ഇ എം എസ്സിന്റെ സൈദ്ധാന്തികവും ഭരണപരവുമായ കഴിവുകളും എ കെ ജിയുടെ സമര പോരാട്ടങ്ങളുമാണ് അടിത്തറപാകിയതെന്ന് വിനോദ് വിശദീകരിച്ചു.
നവോദയ കേന്ദ്ര കമ്മിറ്റി അംഗം മനോഹരൻ പയ്യന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമരസേനാനി, നവോത്ഥാന നായകൻ, ചരിത്രകാരൻ, നിരൂപകൻ, എഴുത്തുകാരൻ ഐക്യകേരള ത്തിലെ ആദ്യത്തെ മുഖ്യമന്ത്രി തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്ന ഇ എം എസ് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യ സമ്മാനിച്ച മഹാനായ നേതാവായിരുന്നുവെന്ന് മനോഹരൻ പറഞ്ഞു.
കർഷകരേയും തൊഴിലാളികളേയും സംഘടിപ്പിക്കുകയും അവരുടെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയും ജനകീയ പ്രശനങ്ങൾ ഇന്ത്യൻ പാർലമെന്റിൽ ചർച്ച ചെയ്യുകയും ചെയ്ത തൊഴിലാളികളുടെ പടത്തലവനായിരുന്നു എ കെ ജി എന്നും അവരുടെ ജീവിതം പുതിയ തലമുറ പഠിക്കേണ്ടതാണെന്നും മനോഹരൻ ചൂണ്ടിക്കാട്ടി.
ആതിര ഗോപൻ, കുമ്മിൾ സുധീർ, ഷൈജു ചെമ്പൂര്, അയ്യൂബ് കരൂപ്പടന്ന, അബ്ദുൽ കലാം എന്നിവർ സംസാരിച്ചു. നവോദയ വൈസ് പ്രസിഡണ്ട് അനിൽ മണമ്പൂർ അധ്യക്ഷനായിരുന്നു. ആക്ടിങ് സെക്രട്ടറി അനിൽ പിരപ്പൻകോട് സ്വാഗതവും അനി മുഹമ്മദ് നന്ദിയും പറഞ്ഞു. അനുസ്മരണ യോഗത്തിന് മുൻപ് വിഭവസമൃദ്ധമായ ഇഫ്താർ വിരുന്നും നടന്നു.