
റിയാദ്: സൗദിയിൽ ജലസംരക്ഷണത്തിന് പുതിയ നിയമം നിലവിൽ വന്നു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ പ്രകാരം, ജലത്തിന്റെയും ജല അടിസ്ഥാന സൗകര്യങ്ങളുടെയും ദുരുപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് രണ്ട് ലക്ഷം റിയാൽ വരെ പിഴ ചുമത്തും.
ദേശീയ ജലസംരക്ഷണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ. ഇതുപ്രകാരം നഗര, കാർഷിക, വ്യാവസായിക, സേവനം, പൊതു വായ ലംഘനങ്ങൾ എന്നീ അഞ്ച് പ്രധാന മേഖലകളിലായി ശക്തമായ നടപടികളാണ് സ്വീകരിക്കുക. നിയമലംഘനങ്ങൾക്ക് ശക്തമായ ശിക്ഷയും ലഭിക്കും.
നഗര മേഖലയിൽ, ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത ബാത്ത് റൂം പൈപ്പുകൾ, ഷവറുകൾ, ഫ്‌ളഷിങ് സംവിധാനങ്ങൾ തുടങ്ങിയ കാര്യക്ഷമമല്ലാത്ത പ്ലംബിങ് കാരണം വെള്ളം പാഴാക്കിക്കള യുന്നത് കുറ്റകരമാണ്. ഇതിന് 10,000 റിയാൽ വരെയാണ് പിഴ ഈടാക്കുക. ജലസംഭരണ ടാങ്കുകളിലെ വിള്ളലുകൾ, ഇൻസുലേഷൻ പ്രശ്‌നങ്ങൾ, തകരാറുള്ള ഫ്‌ളോട്ട് വാൽവുകൾ എന്നിവ കാരണം വെള്ളം പാഴാകുന്നത് 50,000 റിയാൽ വരെ പിഴ ഈടാക്കാൻ കാരണമായ അനാസ്ഥയാണ്.
കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്കു വേണ്ടി ദുരുപയോഗം ചെയ്യുന്നതാണ് ഏറ്റവും ഗുരുതരമായ നിയമ ലംഘനം. സംസ്‌കരിച്ച് മലിനജലമോ, ലൈസൻസുള്ള കിണറുകൾ പോലുള്ള ഇതര ജലസ്രോതസ്സുകളോ ഉണ്ടെങ്കിൽ കുടിവെള്ള ടാങ്കിലെ വെള്ളം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് പരമാവധി രണ്ടു ലക്ഷം റിയാൽ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്.
കെട്ടിടങ്ങളിൽ ഗ്രേ വാട്ടർ സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു ലക്ഷം റിയാലാണ് പിഴ. കാര്യക്ഷമമല്ലാത്ത ജലസേചന സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും ഒരു ലക്ഷം റിയാൽ പിഴ നൽകേണ്ടിവരും. ചോർന്നൊലിക്കുന്ന ജലസേചന സംവിധാനമോ ആന്തരിക ജല ശൃംഖലകളോ പിടിക്ക പ്പെട്ടാൽ 10,000 റിയാലാണ് പിഴ. ഉപയോക്താക്കൾക്ക് അനുയോജ്യമായ ഭാഷകളിൽ ജലസംരക്ഷണ അവബോധ അറിയിപ്പുകൾ പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങളിൽനിന്ന് 10,000 റിയാൽ പിഴ ഈടാക്കും.
നാഷണൽ സെന്റർ ഫോർ വാട്ടർ എഫിഷ്യൻസി ആൻഡ് കൺസർവേഷനിൽ ആവശ്യമായ ഡാറ്റ നൽകുന്നതിൽ പരാജയപ്പെടുന്നത് ഉൾപ്പെടെയുള്ള പൊതു ലംഘനങ്ങൾക്ക് 5,000 റിയാൽ വരെ പിഴ ചുമത്താം. സാങ്കേതിക നിയന്ത്രണങ്ങൾ ലംഘിക്കുകയും ഇൻസ്‌പെക്ടർമാരെ അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടസ്സപ്പെടുത്തുകയും ചെയ്താൽ 50,000 റിയാൽ മുതൽ 100,000 റിയാൽ വരെ പിഴ ഈടാക്കാം.