തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാനും സംഘടനാപരമായ ആശയവിനിമയം കാര്യക്ഷമമാക്കാനും ഡിജിറ്റൽ മീഡിയ വിഭാഗം കെ.പി.സി.സി പുനഃസംഘടിപ്പിക്കും . ഡൽഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എത്തിയശേഷം മുതിർന്ന നേതാക്കളുടെയും കെ.പി.സി.സി ഭാരവാഹികളുടെയും നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാവും നടപടി.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറിയ ഡോ.പി.സരിനായിരുന്നു ഡിജിറ്റൽ മീഡിയ കൺവീനർ. പിന്നീട് മുൻ എം.എൽ.എ വി.ടി ബൽറാം ഡിജിറ്റൽ മീഡിയ ചെയർമാനായെങ്കിലും മറ്റു സംവിധാനങ്ങൾ സജ്ജമാവാത്തതിനാൽ പൂർണ്ണതോതിൽ പ്രവർത്തനം നടന്നില്ല. വരാൻപോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഡിജിറ്റൽ മീഡിയയ്ക്ക് നിർണായക സ്വാധീനം ചെലുത്താനാവുമെന്നാണ് വിലയിരുത്തൽ. സർക്കാർ സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ കെങ്കേമമായി നടത്തുന്നുമുണ്ട്.
അതേസമയം, സർക്കാരിനെതിരെ ജനവികാരം ഉയർത്താവുന്ന നിരവധി വിഷയങ്ങളുണ്ട്. പ്രത്യേകിച്ച് ആശാവർക്കർമാരുടെ സമരം, സർക്കാർ ജീവനക്കാരുടെ ആനുകൂല്യ നിഷേധം, വിലക്കയറ്റം തുടങ്ങി ആഞ്ഞടിക്കാവുന്ന വിഷയങ്ങളുമുണ്ട്. കോൺഗ്രസും യു.ഡി.എഫും പലവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ ജനശ്രദ്ധ കിട്ടുന്നില്ലെന്ന അഭിപ്രായമുണ്ട്.
പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് അപ്രതീക്ഷിത മുഖം എത്തിയതും ജില്ലാ കമ്മിറ്റികളുടെ പ്രവർത്തനത്തിന് മേഖലാടിസ്ഥാനത്തിൽ പ്രസിഡന്റുമാരെ നിശ്ചയിച്ചതുമടക്കം സംഘടനയ്ക്ക് പുതിയ കരുത്ത് നൽകാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇതിനൊപ്പം നിൽക്കാൻ ഒരുപടി കൂടി കടന്നു ചിന്തിച്ചാലേ കഴിയൂ എന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിറ്റൽ മീഡിയയുടെ പുനഃസംഘടന.