ജസ്റ്റിസ് ബി.ആര്‍ ഗവായ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയേക്കും; ശുപാര്‍ശ


ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.ആര്‍ ഗവായ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയേക്കും. അടുത്ത ചീഫ് ജസ്റ്റിസായി ഭൂഷണ്‍ രാമകൃഷ്ണ ഗവായ്‌യെ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ശുപാര്‍ശ ചെയ്തു. സഞ്ജീവ് ഖന്ന മെയ് 13 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഗവായ്‌യെ നിര്‍ദേശിച്ചത്.

കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ചീഫ് ജസ്റ്റിസ് ശുപാര്‍ശ കൈമാറിയത്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് ജസ്റ്റിസ് ഗവായ്. ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍, സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍ ഗവായ് മെയ് 14 ന് ചുമതലയേല്‍ക്കും.

നിയമനം ലഭിച്ചാല്‍ ദലിത് വിഭാഗത്തില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ ജഡ്ജിയാണ്. മലയാളിയായ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനാണ് (2007-2010) ആദ്യമായി ദലിത് വിഭാഗത്തില്‍ നിന്നും ചീഫ് ജസ്റ്റിസായത്. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയാണ് ജസ്റ്റിസ് ഗവായ്. സാമൂഹ്യ പ്രവര്‍ത്തകനും കേരള, ബിഹാര്‍ ഗവര്‍ണറുമായിരുന്ന ആര്‍.എസ് ഗവായ്‌യാണ് പിതാവ്.

2003 നവംബര്‍ 14 ന് ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായാണ് ജുഡീഷ്യല്‍ കരിയറിന് തുടക്കം കുറിക്കുന്നത്. 2005 ല്‍ സ്ഥിരം ജഡ്ജിയായി. 2019 മെയ് 24 നാണ് ജസ്റ്റിസ് ഗവായ്‌യെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത്. ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തിയാല്‍ ആറ് മാസം ജസ്റ്റിസ് ഗവായിക്ക് സേവനം അനുഷ്ഠിക്കാനാവും. 2025 നവംബറില്‍ ജസ്റ്റിസ് ഗവായ് വിരമിക്കും.


Read Previous

വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം ഫോട്ടോയെടുത്ത് കേസെടുത്താൽ മതി’: വാഹന ഉടമകൾക്ക് ആശ്വാസമായി ഗതാഗത കമ്മീഷണറുടെ ഉത്തരവ്

Read Next

ഹിന്ദി ഹിന്ദുക്കളുടേതും ഉർദു മുസ്ലീങ്ങളുടേതുമല്ല; നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »