
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം നടന്ന് രണ്ടു ദിവസത്തിന് ശേഷം ഡല്‍ഹിയിലെ പാകിസ്ഥാന് ഹൈക്കമ്മീഷന് ഓഫീസിലേക്ക് കേക്കുമായി ഒരാളെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. എന്ത് ആഘോഷമാണ് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കേക്ക് കൊണ്ടുവന്നയാള്‍ കൃത്യമായ മറുപടി നല്‍കിയില്ല. ന്യൂഡല്‍ഹിയിലെ പാകിസ്ഥാന് ഹൈക്കമ്മീഷന് ഓഫീസിന് പുറത്ത് ജനക്കൂട്ടത്തിന്റെ വന്‍ പ്രതിഷേധ പ്രകടനം രാവിലെ അരങ്ങേറിയിരുന്നു. ‘പാകിസ്ഥാന് മുര്‍ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രതിഷേധം.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യ ബ്ലോക്ക് ചെയ്തു. പാകിസ്ഥാനുമായി നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. വാഗ-അട്ടാരി അതിര്‍ത്തി അടച്ചു. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ അവസാനിപ്പിക്കുകയും, പാകിസ്ഥാന് പൗരന്മാര്ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി. പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, അറബിക്കടലില്‍ പാക് തീരത്തോടു ചേര്‍ന്ന് പാകിസ്ഥാന് നാവിക അഭ്യാസം പ്രഖ്യാപി ച്ചിട്ടുണ്ട്. കറാച്ചിയില്‍ ഭൂതല മിസൈല്‍ പരീക്ഷണത്തിന് പാകിസ്ഥാന് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. 24,25 തീയതികളിലായി പാകിസ്ഥാന് മിസൈല്‍ പരീക്ഷണം നടത്തുമെന്നാണ് പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേഖലയിലെ സ്ഥിതിഗതികള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.