
മോസ്കോ: ഉക്രൈന് യുദ്ധ പരിഹാരത്തിനായി ഉപാധികളില്ലാത്ത ചർച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ഉക്രെയ്നുമായി “പ്രത്യേക നിബന്ധനകളില്ലാതെ” സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ റഷ്യ തയ്യാറാണെന്നാണ് ക്രെംലിൻ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമേരിക്കയുടെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഈ നിലപാട് ആവർത്തിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവാണ് അറിയിച്ചത്. “നേരത്തെയും പലതവണ പുടിൻ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്,” പെസ്കോവ് കൂട്ടിച്ചേർത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയുമായി വത്തി ക്കാനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റഷ്യ തങ്ങളുടെ നിലപാട് അവർത്തിച്ചിരിക്കുന്നത്. ഉപാധികള്‍ ഇല്ലെന്ന് റഷ്യ പറയുമ്പോള്‍ തന്നേയും ഉക്രൈന്റെ നാറ്റോ അംഗത്വം, പിടിച്ചെടുത്ത ഭൂമിയു ടെ കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
2022-ൽ റഷ്യ ഉക്രെയ്നിനെ ആക്രമിച്ചതിനു ശേഷം നിരവധി സമാധാന ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഒന്നും ഇതുവരെ അന്തിമ വിജയത്തിലേക്ക് എത്തിയിട്ടില്ല. ട്രംപിന്റെ മധ്യസ്ഥത ഒരു സമാധാന കരാറി ലേക്ക് നയിക്കുമെന്ന് ചിലർ പ്രതീക്ഷിക്കുമ്പോൾ, യൂറോപ്പിലെ ചില രാഷ്ട്രങ്ങള്‍ ഈ ശ്രമങ്ങളെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. പുടിന്റെ “നിബന്ധനകളില്ല” എന്ന വാഗ്ദാനം, യുദ്ധം തുടരാനുള്ള തന്ത്രമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
റഷ്യ ഉക്രെയ്നിന്റെ കുർസ്ക് മേഖലയിൽ നിന്ന് ഉക്രെയ്ൻ സൈന്യത്തെ പൂർണമായി പിന്മാറ്റിയതായി റഷ്യ അറിയിച്ചിരുന്നു. എന്നാൽ ഉക്രെയ്ൻ ഇത് നിഷേധിക്കുകയാണ്. എന്നിരുന്നാലും യുഎസ്, യൂറോപ്യൻ യൂണിയൻ, ഉക്രെയ്ൻ എന്നിവയ്ക്കിടയിൽ ലണ്ടനിൽ നടക്കാനിരിക്കുന്ന ചർച്ചകൾ, സമാധാനത്തിനുള്ള അടുത്ത പടിയായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ഒരുവശത്ത് സമാധാന ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെ റഷ്യയുടെ ആക്രമണങ്ങൾ, പ്രത്യേകിച്ച് ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായവ, സമാധാന ശ്രമങ്ങളെ സങ്കീർണമാക്കുകയും ചെയ്യുന്നു. ട്രംപ് ഭരണകൂടം റഷ്യയുമായുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും ഉക്രെയ്നിനെ സമാധാനത്തിനായി ശ്രമിക്കു മ്പോൾ, യുദ്ധം ഏത് തരത്തിലാണ് അവസാനിപ്പിക്കുക എന്ന കാര്യത്തില്‍ ഇതുവരെ ആരും വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.