
ഹൈദരാബാദ്: കഴിഞ്ഞ 10 വർഷത്തിനിടെ ലോക രാഷ്ട്രീയം അടിസ്ഥാനപരമായി മാറിയെന്ന് കോൺഗ്രസ് മുൻ പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. സോഷ്യൽ മീഡിയയുടെ വരവോടെയാണ് ഈ മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് എച്ച്ഐസിസിയിൽ നടന്ന ഭാരത് ഉച്ചകോടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
പരിപാടിയിൽ ഭാരത് ജോഡോ യാത്രയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങ ളുടെ പ്രശ്‌നങ്ങൾ അറിയുന്നതിനായി കന്യാകുമാരി മുതൽ കശ്‌മീർ വരെ ഏകദേശം 4,000 കിലോമീറ്റർ സഞ്ചരിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. ആ യാത്ര ആരംഭിക്കുന്നതിന് മുമ്പ് താൻ വളരെയധികം അതിനെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും എന്നാൽ ആ തീരുമാനത്തിൽ നിന്ന് പിന്മാറാൻ തോന്നിയി ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജോഡോ യാത്രയിൽ നിരവധി പേർ തനിക്കൊപ്പം ചേര്‍ന്നുവെന്നും അതിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങൾ അടുത്തറിയാൻ സാധിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജോഡോ യാത്രയിലൂടെയാണ് ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ താൻ പഠിച്ചതെന്നും എന്നാൽ ഇപ്പോഴുള്ള നേതാക്കൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിൽ പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇന്നലെ (ഏപ്രിൽ 25) ഇന്ത്യാ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതായിരുന്നുവെന്നും എന്നാൽ കശ്‌മീരിലേക്ക് പോയതിനാൽ തനിക്ക് അതിന് കഴിഞ്ഞില്ലെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
ഭാരത് ഉച്ചകോടിയിൽ മുഖ്യാതിഥിയായിരുന്ന രാഹുൽ ഗാന്ധി പുതിയ തലമുറ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് നിർദ്ദേശിച്ചു. ‘പഴയ തലമുറയുടെ നേതൃത്വം ഇല്ലാതായി. പുതിയ തലമുറ രാഷ്ട്രീയ ത്തിലേക്ക് വരണം.രാഷ്ട്രീയക്കാർ പുതിയ തലമുറയുടെ ഭാഷ മനസിലാക്കണം. പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുകയും യുവ നേതാക്കളെ സൃഷ്‌ടിക്കാൻ സഹായിക്കുകയും വേണം. കഴിഞ്ഞ പത്ത് വർഷത്തിനിടെ ലോക രാഷ്ട്രീയം വളരെയധികം മാറി’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം കഴിഞ്ഞ 10 വർഷത്തിനിടയിൽ തെലങ്കാനയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീക രിക്കപ്പെട്ടിട്ടില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പറഞ്ഞു. ജനങ്ങൾ തങ്ങളുടെ സർക്കാരിൽ നിരവധി പ്രതീക്ഷകൾ അർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആഗ്രഹങ്ങൾ നിറവേറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിനായി നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ കടാശ്വാസ പദ്ധതി ആരംഭിച്ചതായും കർഷകർക്ക് ഏകദേശം 20,000 കോടി രൂപയുടെ വായ്‌പകൾ എഴുതിത്തള്ളിയതായും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് കർഷകർക്ക് 24 മണിക്കൂറും സൗജന്യ വൈദ്യുതി നൽകുന്നു. റൈതു ഭരോസ പദ്ധതി പ്രകാരം കർഷക ർക്ക് ഏക്കറിന് 12,000 രൂപയും അരിയുടെ താങ്ങുവിലയ്ക്ക് പുറമേ ബോണസായി 500 രൂപയും നൽകുന്നു ണ്ടെന്ന് അദ്ദേഹം അറിയിച്ചു.