
കൊച്ചി: ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണം മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി വിനോദ സഞ്ചാരികളെ കശ്മീര്‍ യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. മുന്‍കൂട്ടി ബുക്ക് ചെയ്ത് പാക്കേജ് ടൂറില്‍ പോകുന്ന മിക്ക സന്ദര്‍ശകരും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന അനുഭവം ഉപേക്ഷിക്കാന്‍ മടിക്കുകയാണ്. ഗുല്‍മാര്‍ഗ്, ദാല്‍ തടാകം എന്നിവിടങ്ങളില്‍ വീണ്ടും വിനോദ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കശ്മീരില്‍ കുടുംബത്തോടൊപ്പം യാത്ര പോയതാണ് തിരുവനന്തപുരം സ്വദേശി ജീത്ത് കുമാര്‍. വ്യാഴാഴ്ച വരെ അടച്ചിട്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എല്ലാ സ്ഥലങ്ങളി ലേയ്ക്കും കൊണ്ടുപോയെന്നാണ് ജീത് കുമാര്‍ പറയുന്നത്. എങ്കിലും ശ്രീനഗറില്‍ സുരക്ഷ കര്‍ശനമാണ്. ഓരോ 50 മീറ്ററിലും വഴിയില്‍ സൈനികരുണ്ട്. വെള്ളിയാഴ്ച ദാല്‍ തടാകം സന്ദര്‍ശിച്ചു. അവിടെ ധാരാളം വിനോദ സഞ്ചാരികള്‍ ഉണ്ടായിരുന്നു. നിരവധി ഹൗസ് ബോട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ജീത്ത് കൂട്ടിച്ചേര്‍ത്തു. നാലംഗ കുടുംബം ഒരാഴ്ച നീണ്ടു നിന്ന യാത്ര ശനിയാഴ്ച പൂര്‍ത്തിയാക്കി കേരളത്തിലേയ്ക്ക് മടങ്ങി.
സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണെന്ന് പ്രാദേശിക ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉറപ്പു നല്‍കുന്നു. ആക്രമണത്തിന്റെ മുമ്പുള്ള സാഹചര്യമല്ലെങ്കിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്, പ്രാദേശിക ടൂര്‍ ഓപ്പറേറ്ററായ അജാസ് വാണി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ളവരും എത്തുന്നുണ്ട്. നേരത്തെയുള്ള അത്ര എണ്ണം ഇല്ലെന്നു മാത്രം, വരും ദിവസ ങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീനഗര്‍ ആസ്ഥാനമായുള്ള സണ്‍ ഇന്‍ സ്‌നോ ടൂര്‍ എന്‍ ട്രാവല്‍സ് ഉടമ അജാസ് പറഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ചയും സ്ഥിതി ആശങ്കാജനകമായിരുന്നു. ഏകദേശം മൂന്നു പതിറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് കശ്മീര്‍ പൂര്‍ണമായും അടച്ചിടുന്നത്.
”ഏപ്രില്‍ 22 ന് ഉച്ചയ്ക്ക് ശേഷം ആക്രമണം നടക്കുമ്പോള്‍ ഞങ്ങള്‍ ദാല്‍ തടാകത്തിലായിരുന്നു. വൈകു ന്നേരം 6 മണിക്കാണ് ഞങ്ങള്‍ ആക്രമണത്തെക്കുറിച്ച് അറിഞ്ഞത്. അപ്പോഴേയ്ക്കും പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെയുള്ള മിക്ക വാണിജ്യ സ്ഥാപനങ്ങളും അടച്ചിരുന്നു. ആക്രമണത്തിന്റെ തൊട്ടടുത്ത ദിവസ വും ശ്രീനഗര്‍ വിജനമായിരുന്നു. എല്ലായിടക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു”, വിമാനത്താവള ത്തിലേയ്ക്ക് പോകുന്നവരേയോ അടിയന്തര സേവനങ്ങള്‍ ആവശ്യമുള്ളവരേയോ മാത്രമേ പുറത്തിറങ്ങാ ന്‍ അനുവദിക്കൂ എന്നാണ് ഞങ്ങളോട് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറഞ്ഞതെന്ന് തിരുവനന്തപുരം സ്വദേശിയായ ഐശ്വര്യ എസ് പറയുന്നു. ഏപ്രില്‍ 18ന് കുടുംബത്തോടൊപ്പം കശ്മീരില്‍ എത്തിയതാണ് ഐശ്വര്യ. ബുധനാഴ്ച വൈകുന്നേരം അവര്‍ തിരികെ കേരളത്തിലേയ്ക്ക് യാത്ര തിരിച്ചു.