
തിരുവനന്തപുരം: മതത്തിന്റെ സ്വാധീനം ആളുകളില്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതില്‍ സിപിഎം പരാജയപ്പെട്ടുവെന്ന വിലയിരുത്തല്‍ ശരിയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി. ഇന്ത്യന്‍ സമൂഹം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ മതാത്മകമാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. കമ്മ്യൂണിസ്റ്റു കാര്‍ പിന്തുടരുന്ന വൈരുദ്ധ്യാത്മക ഭൗതികവാദം ജനങ്ങളുടെ ബോധത്തിന്റെ ഭാഗമല്ല. ഈ ആശയങ്ങള്‍ യാന്ത്രികമായി അവതരിപ്പിച്ചാല്‍, അത് മതത്തെയും ദൈവവിശ്വാസത്തെയും വിമര്‍ശിക്കുന്നതായി വിലയിരുത്തപ്പെടും. വര്‍ഗീയതയെയും അന്ധവിശ്വാസങ്ങളെയും സാധാരണക്കാരുടെ മതവിശ്വാസങ്ങ ളില്‍ നിന്ന് വേര്‍തിരിച്ചു കാണണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി. വിശ്വാസികളെ ആത്മവിശ്വാസത്തിലാക്കി മാത്രമേ നമുക്ക് വര്‍ഗീയതയെയും അന്ധ വിശ്വാസങ്ങളെയും ചെറുക്കാന്‍ കഴിയൂ. വിശ്‌സാവികളെ ചേര്‍ത്തു പിടിച്ചുകൊണ്ടു വേണം വര്‍ഗീയ വാദത്തെ നേരിടേണ്ടത്. ഒരു വിശ്വാസിക്ക് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ആകുക സാധ്യമാണ്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഇമ്പിച്ചി ബാവ വിശ്വാസിയായിരുന്നു. ഇഎംഎസിന്റെ ആത്മസുഹൃത്ത് സാംസ് കാരിക പ്രസ്ഥാനത്തിന്റെ നേതാവുമായ ചെറുകാട് ഭഗവതിയുടെ ആരാധകനായിരുന്നു. തൊഴിലാ ളിവര്‍ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും കമ്യൂണിസ്റ്റ് ആകാമെന്ന കാഴ്ചപ്പാട് മാര്‍ക്‌സും എംഗല്‍സും പോലും സ്വീകരിച്ചിട്ടുണ്ട്.
എന്റെ വിശ്വാസം തുറന്നുപറയുന്നതില്‍ ഒരു മടിയുമില്ല. എന്റെ വിശ്വാസം പ്രപഞ്ചശക്തിയിലാണ്. ഞാന്‍ ശാസ്ത്രീയ തത്വങ്ങളില്‍ വിശ്വസിക്കുന്നു. കോസ്മിക് എനര്‍ജിയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ മതങ്ങളും അക്കാലത്തെ അനീതികള്‍ക്കെതിരായ ഒരു പുരോഗമന മുന്നേറ്റമായാണ് പ്രവര്‍ത്തി ച്ചത്. എല്ലാ പ്രവാചകന്മാരും വിപ്ലവകാരികളായിരുന്നു. മുഹമ്മദ് നബി, യേശു, ഗൗതമ ബുദ്ധന്‍ എന്നിവരെല്ലാം വിപ്ലവകാരികളാണ്. അവരുടെയെല്ലാം ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കാണാന്‍ കഴിയാത്തത് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖങ്ങളിലൊന്നാണെന്നും എംഎ ബേബി പറഞ്ഞു.
ക്യൂണിസ്റ്റുകാര്‍ മതത്തിനും ദൈവത്തിനും എതിരാണ് എന്ന പ്രചാരണമുണ്ട്. അതിന് വസ്തുതയുമായി ബന്ധമില്ല. കമ്മ്യൂണിസ്റ്റുകള്‍ വൈരുദ്ധ്യാത്മക ഭൗതികവാദം ആശയപരമായി പഠിക്കുന്നു. പാര്‍ട്ടിയില്‍ ചേരുന്ന എല്ലാവരും വൈരുദ്ധ്യാത്മക ഭൗതികവാദം പിന്തുടരണമെന്ന് ഇതിനര്‍ത്ഥമില്ല. മതം മനുഷ്യരെ മയക്കുന്ന കറുപ്പാണ് എന്ന കാള്‍ മാര്‍ക്‌സിന്റെ പരാമര്‍ശം, ആ പ്രസ്താവനയുടെ ഖണ്ഡികയുടെ അവസാ നത്തെ വാചകം മാത്രമെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണ്. അതിനു മുകളില്‍ ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമെന്ന് പറയുന്നുണ്ട്. മതത്തിന് വലിയ കോംപ്ലിമെന്റാണ് മാര്‍ക്‌സ് പറയുന്നത്. എംഎ ബേബി വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റുകള്‍ക്ക് ആരാധനാലയങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്ത നങ്ങള്‍ക്ക് ചെലവഴിക്കേണ്ട സമയം ആരാധനാലയങ്ങളില്‍ ചെലവഴിക്കുന്നുവെന്ന്, പാര്‍ട്ടി വേദികളില്‍ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്നാണ് ആരാധനാലയങ്ങളില്‍ നിന്നും പിന്മാറുന്നത്. എന്നാല്‍ കമ്യൂണിസ്റ്റുക ളുടെ പിന്മാറ്റം ആരാധനാലയങ്ങളിലേക്കുള്ള മതമൗലികവാദികളുടെ കടന്നുവരവിന് വഴിയൊരുക്കി. ഇതോടെയാണ് മുന്‍ നിലപാട് തിരുത്താന്‍ തീരുമാനിച്ചത്. ഭിന്ദ്രന്‍വാല സുവര്‍ണ്ണക്ഷേത്രത്തെ അവരുടെ സങ്കേതമാക്കിയതുപോലെ, നിരവധി പ്രാദേശിക ഭിന്ദ്രന്‍വാലകള്‍ ആരാധനാലയങ്ങള്‍ കൈയടക്കി വെച്ചിരിക്കുകയാണ്. അത്തരം ആരാധനാലയങ്ങളെ ക്രിമിനലുകളില്‍ നിന്നും മതമൗലികവാദികളില്‍ നിന്നും മോചിപ്പിക്കേണ്ടതുണ്ട്. എംഎ ബേബി കൂട്ടിച്ചേര്‍ത്തു.