
ശ്രീനഗര്‍: മൂന്ന് വര്‍ഷം മുമ്പുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ശൗര്യചക്ര പുരസ്‌കാര ജേതാവിന്‍റെ അമ്മയും നാടുകടത്തല്‍ ഭീഷണിയില്‍. നാടുകടത്തല്‍ നടപടികള്‍ക്കായി അധികൃതര്‍ കണ്ടെത്തിയ 60 പാക് പൗരന്‍മാരുടെ പട്ടികയിലാണ് ഇവരുടെ പേരുള്ളത്.
2022 മെയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കോണ്‍സ്റ്റബിള്‍ മുദാസിര്‍ അഹമ്മദ് ഷെയ്ഖിന്‍റെ മാതാവ് ഷമീമ അക്‌തറാണ് പട്ടികയിലുള്ളത്. ജമ്മു കശ്‌മീര്‍ പൊലീസിലെ ഗറില്ല സംഘത്തിന്‍റെ ഭാഗമായിരുന്നു മുദാസിര്‍ ഷെയ്‌ഖ്. രാജ്യത്തിന് വേണ്ടിയാണ് അദ്ദേഹം രക്തസാക്ഷി യായത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിലായിരുന്നു അദ്ദേഹത്തിന് ജീവന്‍ നഷ്‌ടമായത്. ഇതിനുപിന്നാലെ ധീരതയ്‌ക്കുള്ള ശൗര്യചക്ര പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു.
2023ല്‍ ഷമീമയും ഭര്‍ത്താവും ഡല്‍ഹിയില്‍ ഒരുമിച്ചെത്തിയാണ് രാഷ്‌ട്രപതിയില്‍ നിന്ന് ശൗര്യചക്ര ഏറ്റുവാങ്ങിയത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും മുന്‍നിരയില്‍ തന്നെ ഇരിക്കുന്നതിന്‍റെ ദൃശ്യങ്ങളും രാഷ്‌ട്രപതിയുടെ യുട്യൂബില്‍ ഉള്ള വീഡിയോയിലുണ്ട്.
ഷമീമയുടെയും ഭര്‍ത്താവ് മുഹമ്മദ് മഖ്‌സൂദിന്‍റെയും സാന്നിധ്യത്തില്‍ അവരുടെ മകനെ രാഷ്‌ട്രപതി വാനോളം പുകഴ്ത്തുന്നുമുണ്ട്. രാഷ്‌ട്രപതി അവരുടെ അടുക്കലേക്ക് നടന്ന് ചെന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. അമ്മയെ രാഷ്‌ട്രപതി ആശ്ലേഷിക്കുന്നുമുണ്ട്. രാജ്യം കാക്കാൻ കാവലിരുന്ന് രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച മകന്‍റെ മാതാവിനെ നാടുകടത്തരുതെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നാടുകടത്തരുതെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടുമുള്ള അഭ്യര്‍ത്ഥന
തന്‍റെ സഹോദര ഭാര്യ പാക് അധീന കശ്‌മീരില്‍ നിന്നുള്ള വ്യക്തിയാണെന്നും പാകിസ്ഥാനികളെ മാത്രമേ നാടുകടത്താവൂ എന്നും മുദാസിറിന്‍റെ പിതൃസഹോദരന്‍ മുഹമ്മദ് യൂനസ് മാധ്യമപ്രവര്‍ത്തക രോട് പറഞ്ഞു. മുദാസിറിന്‍റെ മരണത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുടുംബത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ലഫ്റ്റനന്‍റ് ഗവര്‍ണര്‍ രണ്ട് തവണയെത്തി. തന്‍റെ ജ്യേഷ്‌ഠത്തി ഇരുപതാം വയസില്‍ ഇവിടെയെത്തിയ താണ്. 45 വര്‍ഷമായി ഇവിടെ ജീവിക്കുന്നു. ഒരിക്കലും അവരെ ഇവിടെ നിന്ന് നാടുകടത്തരുതെന്നാണ് തനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും അഭ്യര്‍ഥിക്കാനുള്ള തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് മഖ്‌സൂദിനെയാണ് ഷമീമ വിവാഹം ചെയ്‌തത്. 1990ല്‍ ജമ്മുകശ്‌മീരില്‍ നുഴഞ്ഞുകയറ്റങ്ങള്‍ ശക്തമാകും മുമ്പായിരുന്നു വിവാഹം. ഇവരുടെ മകന്‍റെ സ്‌മരണയ്ക്കായി ബാരാമുള്ള പട്ടണത്തിലെ പ്രധാന ചത്വരത്തിന് ഷഹീദ് മുദാസിര്‍ ചൗക്ക് എന്നാണ് പേര് നല്‍കിയിട്ടുള്ളത്.
കശ്‌മീരിലെ പാക് പൗരന്‍മാരെ നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി
ജമ്മുകശ്‌മീരിലെ പാകിസ്ഥാന്‍ പൗരന്‍മാരെ നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അയല്‍രാജ്യമായ പാകിസ്ഥാനെതിരെ ഇന്ത്യ കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമായാണ് പാക് പൗരന്‍മാരെ നാടുകടത്തുന്നത്.
പഹല്‍ഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സിന്ധുനദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു. ഹ്രസ്വകാല വിസകളില്‍ രാജ്യത്തുള്ള മുഴുവന്‍ പാക് പൗരന്‍മാരും ഏപ്രില്‍ 27ന് മുമ്പ് രാജ്യം വിടണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അല്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.
വിവിധ ജില്ലകളില്‍ നിന്നുള്ള പാകിസ്ഥാനികള്‍ ബസ് മാര്‍ഗം പഞ്ചാബിലെത്തണമെന്നും അവിടെ വാഗാ അതിര്‍ത്തിയില്‍ വച്ച് അവരെ കൈമാറുമെന്നുമായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. മുന്‍ ഭീകരരുടെ ഭാര്യയും കുട്ടികളുമടക്കമുള്ളവരാണ് സര്‍ക്കാര്‍ തയാറാക്കിയ അറുപതുപേരുടെ പട്ടികയിലുള്ളത്. 2010ലെ പുനരധിവാസ നയപ്രകാരം തിരിച്ചെത്തിയവരായിരുന്നു ഇവര്‍. ഇവരില്‍ 36 പേര്‍ ശ്രീനഗറിലാണ് കഴിയുന്നത്. ഒന്‍പത് പേര്‍ ബാരാമുള്ളയിലും കുപ്‌വാരയിലുമായി ജീവിക്കുന്നു. നാല് ബദ്‌ഗാമിലാണ്. രണ്ട് പേര്‍ ഷോപ്പിയാന്‍ ജില്ലയില്‍ ഉണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
സിആര്‍പിഎഫ് ജവാനെ വിവാഹം കഴിച്ച യുവതിയെ തിരിച്ചയച്ചു
സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിലെ അംഗമായ യുവാവിനെ വിവാഹം കഴിച്ച പാക് യുവതിയെ നാടുകടത്താനായി ജമ്മുവില്‍ നിന്ന് തിരികെ അയച്ചതായി അധികൃതര്‍ അറിയിച്ചു.
ഘരോത്ത നിവാസികളായ മിനല്‍ ഖാന്‍, ഭര്‍ത്താവ് മുനിര്‍ ഖാന്‍ എന്നിവര്‍ വാഗാ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു. ഓണ്‍ലൈന്‍ വഴിയാണ് അവര്‍ വിവാഹിതരായത്. രാജ്യത്തിന് പുറത്ത് നിന്ന് വിവാഹിതരായി എന്നത് കൊണ്ട് കുഞ്ഞുങ്ങളില്‍ നിന്ന് തങ്ങളെ അകറ്റരുതെന്ന് അവര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
കുടുംബത്തോടൊപ്പം ഇവിടെ കഴിയാന്‍ തങ്ങളെ അനുവദിക്കണമെന്നും മിനല്‍ ഖാന്‍ വ്യക്തമാക്കി. നിരപരാധികളെ കൊന്നൊടുക്കിയ നടപടിയെ തങ്ങള്‍ അപലപിക്കുന്നുവെന്നും അവര്‍ പറഞ്ഞു. അവരെ കര്‍ശനമായി ശിക്ഷിക്കണമെന്നും മിനല്‍ ആവശ്യപ്പെടുന്നു.