
ശ്രീനഗർ : “ഏത് നിമിഷവും ആക്രമണമുണ്ടായേക്കാം… ഒരു മിനിറ്റ് തുടർച്ചയായി ബെൽ റിങ് ചെയ്യുകയാണെങ്കിൽ പുറത്തേക്ക് ഓടി ഭൂഗർഭ ബങ്കറിൽ ഒളിക്കുക”. ഇതാണ് ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിലെ സ്കൂളുകളിൽ കുട്ടികള്‍ക്ക് നൽകിയിട്ടുള്ള നിർദേശം. തുടർച്ചയായ പാകിസ്ഥാൻ്റെ വെടിനിർത്തൽ കരാർ ലംഘനത്തിൽ അതിർത്തികളിലെ സ്കൂള്‍ കുട്ടികളടക്കം ജീവനും കയ്യിൽപിടിച്ചാണ് കഴിയുന്നത്. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന ഭയം.
കശ്മീരിലെ സ്കൂളുകളിൽ പാഠപുസ്തങ്ങള്‍ക്ക് പകരം അവരെ പഠിപ്പിക്കുന്നത് ഷെല്ലാക്രമണങ്ങ ളെയും വെടിയുണ്ടകളെയും എങ്ങനെ നേരിടാമെന്നും എവിടെ ഓടി ഒളിക്കാമെന്നുമാണ്. അലർട്ട് മുഴങ്ങിക്കഴിഞ്ഞാൽ വിദ്യാർഥികളോടും ജീവനക്കാരോടും ക്ലാസുകൾ വിട്ട് കോമ്പൗണ്ടിന് അടുത്തുള്ള ബങ്കറിൽ പ്രവേശിക്കാനാണ് നിർദേശിച്ചിട്ടുള്ളതെന്ന് തങ്ധാർ ഗ്രാമത്തിലെ ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂള്‍ അധ്യാപകനായ ഇഫ്തിഖർ അഹമ്മദ് ലോൺ പറയുന്നു.
ആറ് വർഷത്തോളമായി നിലനിന്നിരുന്ന വെടിനിർത്തൽ കരാറാണ് അതിർത്തി ഗ്രാമങ്ങളിൽ പാകിസ്ഥാൻ ലംഘിച്ചിരിക്കുന്നത്. ഇതാണ് പ്രദേശവാസികളെ കൂടുതൽ ഭീതിയിലാക്കിയിരിക്കുന്നത്. രണ്ട് നിലകളുള്ള സർക്കാർ സ്കൂളുകള്‍ നിലവിൽ പ്രവർത്തിക്കുന്നത് താഴത്തെ നിലയിൽ മാത്രമാണ്. ഇത് കൂടാതെ സ്കൂൾ കോമ്പൗണ്ടിനുള്ളിലെ ഭൂഗർഭ ബങ്കറുകളും വൃത്തിയാക്കി. 2012ലെ വെള്ളപ്പൊക്കത്തിൽ ചെളിമൂടി അടഞ്ഞുപോയ ബങ്കറുകളാണ് വൃത്തിയാക്കിയിട്ടുള്ളത്.
കഴിഞ്ഞ മോദി സർക്കാരാണ് അതിർത്തികളിലെ ദുർബല പ്രദേശങ്ങളിൽ ഏകദേശം 15,000 കമ്മ്യൂ ണിറ്റി, സ്വകാര്യ ബങ്കറുകൾ നിർമിച്ചത്. നിലവിലെ സാഹചര്യത്തിൽ അവയെല്ലാം വൃത്തിയാക്കുന്ന തിരക്കിലാണ് ഇന്നാട്ടിലെ ആളുകള്‍. ആക്രമണ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് ഇവയെല്ലാം വൃത്തിയാക്കുന്നതെന്ന് ബത്പോറ ഗ്രാമത്തിലെ അബ്ദുൾ ഹമീദ് ഖാൻ പറയുന്നു.
ചെറിയ കുരുന്നുകള്‍ അവരുടെ ജീവിതത്തിൽ ഇതേവരെ കാണാത്ത ഭീകരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ഏറ്റവും മോശം അവസ്ഥ. കുട്ടികളൊന്നും അതിർത്തി ഗ്രാമങ്ങളിൽ ഇത്തരത്തിലൊരു അശാന്തി കണ്ടിട്ടില്ല. ഇപ്പോള്‍ ജീവനും കയ്യിൽപിടിച്ച് ജീവിക്കുന്നു. അവരെല്ലാം പരിഭ്രാന്തരാണെന്ന് കശ്മീർ സ്കൂൾ വിദ്യാഭ്യാസ വകുപ്പിലെ മുൻ പ്രിൻസിപ്പലും മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. അതി ർത്തി സംഘർഷം കശ്മീരിലെ വിദ്യാഭ്യാസ മേഖലയെ വളരെ സാരമായിത്തന്നെ ബാധിക്കുന്നു. ഇത് ഞങ്ങള്‍ ആഗ്രഹിച്ചതല്ലെന്നാണ് കശ്മീർ ജനത പറയുന്നത്.