പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു, സിആര്‍പിഎഫ് ജവാനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു


ജമ്മു: പാകിസ്ഥാന്‍ സ്വദേശിനിയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ച സംഭവത്തില്‍ സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സിആര്‍പിഎഫിന്റെ 41 ബറ്റാലിയനിലെ ഉദ്യോഗസ്ഥാനായ മുനീര്‍ അഹമ്മദിനെതിരെയാണ് നടപടി. ജമ്മു സ്വദേശിയായ മുനീറിന്റെ ഭാര്യ തന്നെ പാകിസ്ഥാനി ലേക്ക് മടക്കി അയക്കരുത് എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വിവാഹ വിവരം പുറത്തറിഞ്ഞത്. പിന്നാലെയാണ് സിആര്‍പിഎഫ് നടപടി.

പാക് യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ചത് ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നതാണ് എന്ന് സിആര്‍പിഎഫ് പത്രക്കുറിപ്പില്‍ അറിയിച്ചു. യുവതിയെ വിവാഹം ചെയ്തതിന് അപ്പുറത്ത് വിസാ കാലാവധി തീര്‍ന്നിട്ടും പാക് പൗരയെ മനപ്പൂര്‍വം ഇന്ത്യയില്‍ താമസിപ്പിച്ചു എന്നത് ഗുരുതരമായ നിയമ ലംഘനമാണ്. ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടി എന്നും സിആര്‍പിഎഫ് വ്യക്തമാക്കുന്നു.

ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തി നിയമ വിരുദ്ധവും സേനാംഗങ്ങളുടെ പെരുമാറ്റച്ചട്ട ലംഘനവും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. വിഷയം പുറത്തറിഞ്ഞതിന് പിന്നാലെ മുനീര്‍ അഹമ്മദിനെ ജമ്മു & കശ്മീര്‍ മേഖലയില്‍ നിന്ന് ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയാണ് മുനീറിന്റെ ഭാര്യ മിനല്‍ ഖാന്‍. വിവാഹത്തിന് അനുമതി തേടി അഹമ്മദ് 2023 ല്‍ സിആര്‍പിഎഫില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അഭ്യര്‍ത്ഥ നയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ്, 2024 മെയ് 24 ന് വിവാഹം കഴിക്കുകയായിരുന്നു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും പുരോഹിതന്മാര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് വിവാഹം നടത്തിയത്.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താന്‍ പൗരര്‍ക്കുള്ള വിസ റദ്ദാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്ക് പിന്നാലെ പാകിസ്താനിലേക്ക് നാടുകടത്തുന്നതിനായി ചൊവ്വാഴ്ച മിനാല്‍ ഖാനെ അട്ടാരി അതിര്‍ത്തിയിലേക്ക് അയച്ചിരുന്നു. ഇതിനിടെ ഇവര്‍ കോടതിയെ സമീപിക്കുകയും തിരിച്ചയക്കുന്ന നടപടി കോടതി താത്കാലികമായി തടയുകയും ചെയ്തിരുന്നു. കോടതിയുടെ പരിഗണയ്ക്ക് എത്തിയ ശേഷമാണ് സേന വിവാഹവിവരം അറിഞ്ഞതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


Read Previous

പിണറായി, ദ ലെജന്‍ഡ്’, ഇനി ഡോക്യുമെന്ററി, ചെലവ് 15 ലക്ഷം

Read Next

പഹല്‍ഗാം ഭീകരര്‍ വിമാനത്തില്‍?; ചെന്നൈയില്‍ നിന്ന് കൊളംബോയിലെത്തിയ വിമാനത്തില്‍ പരിശോധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »