കെപിസിസി നേതൃമാറ്റം ഉടന്‍?; ആന്റോ ആന്റണിയും സണ്ണി ജോസഫും പരിഗണനയില്‍, റിപ്പോര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃപദവിയില്‍ മാറ്റമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്ത മാകുന്നതിനിടെ, കെ സുധാകരന് പകരം ആര് കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് എത്തു മെന്നതിലും ചര്‍ച്ചകള്‍ സജീവമായി. നാല് തവണ പത്തനംതിട്ട എംപിയായ ആന്റോ ആന്റണി, നിലവിലെ പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തനായ സണ്ണി ജോസഫ് എംഎല്‍എ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുന്നിലെന്നാണ് സൂചന.

യുഡിഎഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബഹനാന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, അദ്ദേഹം ഇപ്പോള്‍ ഏറെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നിലവിലെ കെപിസിസി പ്രസിഡന്റ് മാറേണ്ട തില്ല എന്ന അഭിപ്രായവുമായി ഒരു വിഭാഗം കെ സുധാകരനെ പിന്തുണയ്ക്കുന്നുണ്ട്. വെള്ളിയാഴ്ച എഐസിസി സുധാകരനെ ഡല്‍ഹിയിലേക്ക് വിളിച്ചതിന് പിന്നാലെയാണ് നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും സംസ്ഥാനത്ത് ഉടനടി നേതൃമാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത സുധാകരനെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നേതൃമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ കെ സുധാകരന്‍ നിഷേധിക്കുകയാണ്. പാര്‍ട്ടി ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നേരിടാനുള്ള ഒരുക്കങ്ങളിലാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

പരിഹരിക്കപ്പെടേണ്ട സംഘടനാ പ്രശ്നങ്ങളെയും തര്‍ക്കങ്ങളെയും കുറിച്ച് രാഹുലും ഖാര്‍ഗെയും ചോദി ച്ചു. എന്നാല്‍ കെപിസിസി പ്രസിഡന്റ് മാറ്റത്തെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നില്ല. മാറ്റം വരുത്താന്‍ അവര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, അവര്‍ ആദ്യം എന്നോട് അത് ചര്‍ച്ച ചെയ്യുമായിരുന്നു. കെ സുധാകരന്‍ പറഞ്ഞു. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ യഥാര്‍ത്ഥ സത്യം അറിയാമെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

പിന്നീട്, കണ്ണൂരില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത സുധാകരന്‍ നേതൃമാറ്റത്തെക്കുറിച്ചുള്ള വാര്‍ ത്തകളെ നിസ്സാരവല്‍ക്കരിച്ചു. ”കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യമുണ്ടെന്ന് കരുതുന്നില്ല. ദേശീയ നേതാക്കളാരും എന്നോട് ഈ വിഷയം ഉന്നയിച്ചിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ ക്കുറിച്ച് വെള്ളിയാഴ്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും വിശദമായ ചര്‍ച്ചകള്‍ നടത്തി. പക്ഷേ നേതൃമാറ്റം ഒരിക്കലും ആ ചര്‍ച്ചകളുടെ ഭാഗമായിരുന്നില്ല. എന്നിരുന്നാലും, പാര്‍ട്ടി അത്തരമൊരു തീരുമാനമെടുത്താല്‍, ഞാന്‍ തീരുമാനം അംഗീകരിക്കും,” കെ സുധാകരന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് കേന്ദ്രനേതൃത്വം ഇതുവരെ തങ്ങളെയാരെയും ബന്ധപ്പെട്ടിട്ടില്ലെന്ന് ആന്റോ ആന്റണിയും സണ്ണി ജോസഫും പ്രതികരിച്ചു. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍, ഞാന്‍ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. നേതൃമാറ്റത്തില്‍ അടുത്ത ആഴ്ചയോടെ ഹൈക്കമാന്‍ഡ് തീരുമാനം ഉണ്ടായേക്കും. ആന്റോ ആന്റണി ക്കും സണ്ണി ജോസഫിനും വേണ്ടി ചേരിതിരിഞ്ഞ് രണ്ടു വിഭാഗങ്ങള്‍ പ്രചാരണം നടത്തുന്നുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചു.

എ കെ ആന്റണി-ഉമ്മന്‍ ചാണ്ടി എന്നീ നേതാക്കളുടെ കാലഘട്ടത്തിനുശേഷം കോണ്‍ഗ്രസില്‍ ക്രി സ്ത്യന്‍ നേതാക്കളുടെ കുറവ് നേരിടുന്നുണ്ട്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യു ഡി എഫില്‍ നിന്ന് പുറത്തുപോയതില്‍ കത്തോലിക്കാ സഭ അസന്തുഷ്ടരാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് ക്രൈസ്തവനായ നേതാവിനെ കെപിസിസി തലപ്പത്ത് കൊണ്ടുവരാനുള്ള ആലോചന സജീവമായത്.

ആന്റോ ആന്റണിയും സണ്ണി ജോസഫും കത്തോലിക്കാ സമുദായത്തില്‍ നിന്നുള്ളവരാണ്. സണ്ണി ജോസഫിന് ഹൈറേഞ്ചിലെ എല്ലാ സഭാ നേതാക്കന്മാരുമായി നല്ല ബന്ധമാണുള്ളത്. മധ്യ കേരളത്തിലെ പെന്തക്കോസ്ത് സഭ ഉള്‍പ്പെടെ, ക്രൈസ്തവ സഭാ നേതൃത്വവുമായി ആന്റോ ആന്റണിക്കും മികച്ച ബന്ധ മുണ്ട്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതില്‍ കെ സുധാകരന്റെ അഭിപ്രായവും നിര്‍ണായ കമാണ്. അദ്ദേഹം സണ്ണി ജോസഫിനെ പിന്തുണച്ചാല്‍, ഹൈക്കമാന്‍ഡ്, സുധാകരനെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അത് തള്ളിക്കളഞ്ഞേക്കില്ലെന്നും മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

അതേസമയം, കെ മുരളീധരനും ശശി തരൂരും അടക്കമുള്ള നേതാക്കള്‍ കെ സുധാകരനെ പിന്തുണച്ച് രംഗത്തെത്തി. കെപിസിസിയില്‍ നേതൃ മാറ്റത്തിന്റെ ആവശ്യമില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടി ട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അത്തരമൊരു മാറ്റത്തിന്റെ ആവശ്യമില്ലെന്നാണ് വ്യക്തിപരമായി തോന്നുന്നത്. എന്നാല്‍ അത് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. പക്ഷേ ചുമതലയേല്‍ക്കുന്നയാള്‍ കേരളത്തിലുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഫോട്ടോയെങ്കിലും ഉള്ള നേതാവായിരിക്കണം എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഈ ഘട്ടത്തില്‍ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. ”സിഡബ്ല്യുസി അംഗമെന്ന നിലയില്‍, കെ സുധാകരനെ കെപിസിസി പ്രസി ഡന്റ് സ്ഥാനത്തു നിന്നും മാറ്റുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും എനിക്കറിയില്ല. ഞങ്ങള്‍ക്ക് നിരവധി തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഒരു കാര്യക്ഷമതയുള്ള പ്രസിഡന്റുണ്ട്,” ശശി തരൂര്‍ പറഞ്ഞു.


Read Previous

ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കും; പാകിസ്ഥാന്റെ ഭീഷണി

Read Next

സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »