
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ വിവിധ മേഖലകളില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ സൈന്യം. ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രകോപനവുമില്ലാതിരിക്കുമ്പോള്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുകയാണ്. സംഭവത്തില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ കേന്ദ്രഭരണ പ്രദേശത്തെ അഞ്ച് ജില്ലകളിലായി എട്ട് സ്ഥലങ്ങളിലാണ് പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്തത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാ ക്രമണത്തെത്തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ജമ്മു കശ്മീരിലെ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് തുടര്‍ച്ചയായി പത്താം ദിവസമാണ് പാകിസ്ഥാന്റെ പ്രകോപനം.
അതിനിടെ രാജസ്ഥാനിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ജവാന്‍ ബിഎസ്എഫ് പിടിയി ലായി. പിടിയിലായ പാകിസ്ഥാന്‍ റേഞ്ചറിന്റെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതിന് പിന്നാലെ രാജസ്ഥാന്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പൂര്‍ണം കുമാര്‍ സാഹുവിനെ പാകിസ്ഥാന്‍ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ജവാന്‍ ബിഎസ്എഫ് പിടിയിലാകുന്നത്. പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറില്‍ കര്‍ഷകരെ അകമ്പടി സേവിക്കുന്നതിനിടെ അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്നതിന് ഏപ്രില്‍ 23നാണ് സാഹുവിനെ പാകിസ്ഥാന്‍ റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തത്.