
ന്യൂഡല്‍ഹി: ഇസ്ലാമിക ശരീഅത്തിലെ വഖഫ് സങ്കല്‍പ്പത്തെക്കുറിച്ച് കേന്ദ്രത്തിന് പ്രാഥമിക ധാരണ പോലുമില്ലെന്ന് സമസ്ത. രാജ്യത്തെ വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പെരുപ്പിച്ച കണക്കാണ് ഫയല്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു.
2013 ലെ വഖഫ് ഭേദഗതി നിയമത്തിന് ശേഷം രാജ്യത്ത് വഖഫ് ഭൂമി വലിയ തോതില്‍ വര്‍ദ്ധിച്ചുവെന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ 116 ശതമാനം വര്‍ദ്ധനവ് വഖഫ് ഭൂമിയുടെ കാര്യത്തില്‍ ഉണ്ടായെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടി ക്കാട്ടിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. 2013 ലെ ഭേദഗതി നിയമത്തിന് മുമ്പ് ദേശീയ തലത്തില്‍ വഖഫ് ഭൂമിയുടെ കണക്കുകള്‍ ലഭ്യമായിരുന്നില്ലെന്ന് അധിക സത്യവാങ്മൂലത്തില്‍ സമസ്ത പറയുന്നു.
എന്നാല്‍ 2013 ല്‍ ദേശീയ തലത്തില്‍ പോര്‍ട്ടല്‍ രൂപീകരിച്ചതുമുതലാണ് വഖഫ് ഭൂമിയുടെ കണക്ക് ദേശീയ തലത്തില്‍ ലഭിച്ചുത്തുടങ്ങിയത്. ഇക്കാരണത്താലാണ് വഖഫ് ഭൂമിയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു. രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന കാരണത്താല്‍ ഒരു വഖഫ് ഭൂമിയും വഖഫ് അല്ലാതാക്കാന്‍ കഴിയില്ലെന്നും സമസ്ത ചൂണ്ടിക്കാട്ടി.
വഖഫ് ഭൂമി ബന്ധപ്പെട്ട വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുക എന്നത് മുത്തവല്ലിയുടെ ഉത്തരവാദിത്വം ആണ്. അതില്‍ വീഴ്ചവരുത്തിയ മുത്തവല്ലിമാര്‍ക്കെതിരെ നടപടിയെടുക്കാം എന്നല്ലാതെ വഖഫ് ഭൂമി വഖഫ് അല്ലാതാക്കാന്‍ കഴിയില്ല എന്നാണ് സമസ്തയുടെ വാദം. തിങ്കളാഴ്ച്ച സുപ്രീം കോടതി വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെയാണ് സമസ്ത അധിക സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.