
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈന്യത്തെക്കുറിച്ച് പ്രശസ്ത ഗായകന്‍ അദ്‌നാന്‍ സാമി നടത്തിയ അഭിപ്രായ പ്രകടനം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കളുമായി നടത്തിയ ആശയവിനിമയമാണ് അദ്‌നാന്‍ സാമി എക്‌സില്‍ പങ്കുവെച്ചത്.
അസര്‍ബൈജാനിലെ ബാകു സന്ദര്‍ശനത്തിനിടെയാണ് ഒരു കൂട്ടം പാകിസ്ഥാനി യുവാക്കള്‍ അദ്‌നാന്‍ സാമിയുടെ സമീപത്തെത്തിയത്. ‘ബാകുവിലെ മനോഹരമായ തെരുവുകളിലൂടെ നടക്കുമ്പോള്‍ സുന്ദരന്മാരായ പാകിസ്ഥാന്‍ ആണ്‍കുട്ടികളെ കണ്ടുമുട്ടി.’ സാമി എക്സില്‍ കുറിച്ചു.
‘സര്‍, നിങ്ങള്‍ വളരെ ഭാഗ്യവാനാണ്. നിങ്ങള്‍ നല്ല സമയത്ത് പാകിസ്ഥാന്‍ വിട്ടു. ഞങ്ങള്‍ ഞങ്ങളുടെ പൗരത്വം മാറ്റാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ പാകിസ്ഥാന്‍ സൈന്യത്തെ വെറുക്കുന്നു. അവര്‍ ഞങ്ങളുടെ രാജ്യം നശിപ്പിച്ചു!’ യുവാക്കള്‍ പറഞ്ഞു. ‘ഞാനിത് വളരെ മുമ്പേ മനസ്സിലാക്കി!’ എന്നായിരുന്നു സാമിയുടെ മറുപടി.
അദ്‌നാന്‍ സാമിയുടെ പിതാവ് പാകിസ്ഥാന്‍കാരനാണ്. അമ്മ ഇന്ത്യക്കാരിയും. ഇംഗ്ലണ്ടിലായിരുന്നു അദ്‌നാന്‍ സാമിയുടെ ജനനം. 2001 മുതല്‍ അദ്‌നാന്‍ സാമി ഇന്ത്യയിലാണ് താമസിച്ചു വരുന്നത്. പാകിസ്ഥാന്‍, കാനഡ എന്നി രാജ്യങ്ങളിലെ ഇരട്ട പൗരത്വം ഉണ്ടായിരുന്ന അദ്‌നാന്‍ സാമി, 2016 ല്‍ ഇവ ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചിരുന്നു.