
ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്കു മുന്നറിയി പ്പുമായി കേന്ദ്ര സർക്കാർ. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ- പാകിസ്ഥാൻ ബന്ധം കൂടുതൽ വഷളായത്. നയതന്ത്ര തലത്തിൽ ഇന്ത്യ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് മുന്നറിയിപ്പ്. 1971ലെ ഇന്ത്യ- പാക് യുദ്ധ സമയത്തും സമാനമായ മുന്നറിയിപ്പ് കേന്ദ്രം നൽകിയിരുന്നു.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനാണ് ചില സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദ്ദേശം. ആക്രമണം നേരിടാൻ പൊതു ജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണമെന്നും നിർദ്ദേശമുണ്ട്. ഒഴിപ്പിക്കൽ നടപടികൾക്കായി റിഹേഴ്സലും നടത്തണം. മെയ് ഏഴ് ബുധനാഴ്ച മോക്ക് ഡ്രില്ലുകൾ നടത്താനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശമുണ്ട്.
അതിനിടെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. തുടര്‍ച്ചയായ 11-ാം ദിവസ മാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. കഴിഞ്ഞ രാത്രിയും പാക് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു.
കുപ്‍വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്‌നൂര്‍ മേഖലകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. തുടര്‍ന്ന് ഇന്ത്യയും തിരിച്ചടിച്ചു. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.