എണ്ണം പറഞ്ഞ കൊമ്പന്മാർ, താള വാദ്യ രംഗത്തെ കുലപതിമാർ, പ്രൗഢ ഗംഭീര വെടിക്കെട്ട്; അറിയാം തൃശൂർ പൂരത്തിൻെറ ചരിത്രവും ഐതിഹ്യവും


തൃശൂർ: കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്മാർ, താളവാദ്യ രംഗത്തെ കുലപതിമാർ, പ്രൗഢ ഗംഭീര മായ വെടിക്കെട്ട്… ഓരോ വര്‍ഷവും മാറ്റ് ചോരാതെ തൃശിവപേരൂരിന്‍റെ പെരുമ വിളിച്ചോ തുകയാണ് തൃശൂർ പൂരം. സംസ്ഥാനത്തിന് അകത്തും പുറത്തും ജനശ്രദ്ധയാകര്‍ഷിച്ച ഉത്സവങ്ങളിലൊ ന്നാണിത്.

ആബാലവൃദ്ധത്തിന് എപ്പോഴും കൗതുകമായ ആനകളും അതിൻ്റെ നിറപ്പകിട്ടാര്‍ന്ന ചമയങ്ങളും പട്ടു കുടകളും താള മേള സംഗീത ലയങ്ങളുമാണതിന് കാരണം. രണ്ടാം ദിവസത്തെ പകല്‍പ്പൂരം സമാപിക്കും വരെ പൂരപ്രേമികള പിടിച്ചിരുത്തുന്ന ലഹരി.

കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാനാണ് തൃശൂർ പൂരത്തിന് തുടക്കം കുറിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുൻപ് ശക്തൻ തമ്പുരാൻ കൊച്ചിരാജ്യം ഭരിക്കുന്ന കാലം. അന്നത്തെ ആറാട്ടുപുഴ പൂരത്തിനെത്താൻ വൈകിയ തൃശൂർ ദേശത്തെ പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്‌തലക്കാവ്, കണിമംഗലം ദേശക്കാരെ വിലക്കിയെന്നും ഇതിൽ അരിശംപൂണ്ട ശക്തൻ തമ്പുരാൻ അടുത്ത വർഷം മുതൽ വടക്കുംനാഥനെ ആസ്ഥാനമാക്കി പുതിയൊരു പൂരം ആരംഭിക്കാൻ തീരുമാനിച്ചു എന്നുമാണ് ചരിത്രകഥ.

അങ്ങനെ 1798ൽ തൃശൂരിൻ്റെ മണ്ണിൽ പൂരം പിറന്നു. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങൾക്കാണ് പൂരത്തിന്‍റെ മുഖ്യ പങ്കാളിത്തം. ഇരു ക്ഷേത്രങ്ങളിലേയും ദേവിമാര്‍ സഹോദരികളാണ് എന്നാണ് വിശ്വാസം. മേടമാസത്തിലെ പൂരം നാളില്‍ (പൂരം നക്ഷത്രം) ഇവര്‍ തങ്ങളുടെ തട്ടകങ്ങളില്‍ നിന്ന് പുറപ്പെട്ട് വടക്കുന്നാഥന്‍റെ സന്നിധിയില്‍ കണ്ടുമുട്ടുന്നു.

പിറ്റേന്ന് പകല്‍പ്പൂരത്തിനുശേഷം വീണ്ടും അടുത്തകൊല്ലം കാണാമെന്ന ധാരണയില്‍ ഇരുവരും ഉപചാരം ചൊല്ലി പിരിയുന്നു. ഈ വിശ്വാസമാണ് പൂരച്ചടങ്ങുകളുടെ അടിസ്ഥാനം. മഠത്തിലേക്കുള്ള വരവ്, മഠത്തില്‍ നിന്നുള്ള വരവ്, പാറമേക്കാവ് പുറപ്പാട്, ഇലഞ്ഞിത്തറ മേളം, ശ്രീമൂലസ്ഥാനത്തെ മേള വിസ്‌മയം, ചെറുപൂരങ്ങള്‍, പാറമേക്കാവ് പഞ്ചവാദ്യം, ആകാശപ്പൂരം, ഉപചാരം ചൊല്ലി പിരിയല്‍ എന്നിങ്ങനെയാണ് പൂര ചടങ്ങുകള്‍.

മഠത്തിലേക്കുള്ള വരവും നടപ്പാണ്ടിയും

തിരുവമ്പാടി വിഭാഗത്തിൻ്റേതാണ് മഠത്തിലേക്കുള്ള വരവ്. പൂരത്തിന് വേണ്ട ചമയങ്ങള്‍ നൽകുന്ന സ്‌മരണ പുതുക്കലായാണ് ഈ ചടങ്ങ് നടത്തി വരുന്നത്. മഠത്തിലേക്കുള്ള വരവിന് അകമ്പടിയായി പോകുന്നത് നടപ്പാണ്ടിയാണ്. നടന്ന് കൊട്ടി പോകുന്നതു കൊണ്ടാണ് നടപ്പാണ്ടിയെന്ന് വിളിക്കുന്നത്. ഉരുട്ടു ചെണ്ടയും വീക്കം ചെണ്ടയുമാണ് നടപ്പാണ്ടിയെ വ്യത്യസ്‌തമാക്കുന്നത്.

മഠത്തില്‍ നിന്നുള്ള വരവ്

മഠത്തില്‍ നിന്നുള്ള വരവിന് പഞ്ചവാദ്യമാണ് അകമ്പടി. തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, ഇലത്താളം – ഈ അഞ്ച് വാദ്യോപകരണങ്ങളാണ് പഞ്ചവാദ്യത്തില്‍ ഉപയോഗിക്കുക. മൂന്ന് ആനകളും അകമ്പടിയായി പോകും. നായ്ക്കനാല്‍ പന്തലില്‍ പഞ്ചവാദ്യം കലാശിച്ചാല്‍ മേളം തുടങ്ങുകയായി. ആനകളുടെ എണ്ണം 15 ആകും.

പാറമേക്കാവ് പുറപ്പാട്

ഇലഞ്ഞിത്തറയിലേക്കുള്ള പാറമേക്കാവിൻ്റെ വരവിന് തുടക്കം കുറിച്ച് ഉച്ച 12.15 ചെമ്പടക്ക് ആദ്യ കോല്‍ വീഴ്ത്തും. തുടര്‍ന്ന് പാണ്ടിയുടെ കൊലുമ്പി തുടങ്ങല്‍ (മുന്നില്‍ നില്‍ക്കുന്ന ചെണ്ടക്കാര്‍ ഇടന്തലയില്‍ കോല്‍പ്പെരുക്കി തുടങ്ങുന്നത്). ശേഷം ഇലഞ്ഞിച്ചോട്ടിലേക്ക് മേളം നീങ്ങും.

ഇലഞ്ഞിത്തറ മേളം

200-ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്ന മേളം. വളരെ ഇഴഞ്ഞ ഘടനയാവും ഈ ഘട്ടത്തില്‍ മേളത്തിന്. കുറുങ്കുഴല്‍ സംഗീതം ഉയര്‍ന്ന് നില്‍ക്കുന്ന കിഴക്കൂട്ടിൻ്റ മാന്ത്രികക്കോല്‍ പ്രകടനമാണ് പ്രത്യേകത. മേളാസ്വദകരെ ഉന്മത്തരാക്കുന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള താളമാണിത്.

മേളത്തിൻ്റെ വിവിധ ഘട്ടങ്ങള്‍ അഥവാ കാലങ്ങള്‍ ഇതിൽക്കാണാം. അസുര വാദ്യമായ തോല്‍ച്ചെണ്ടയില്‍ രൗദ്രതാളമാണ്. കാലങ്ങള്‍ കൊട്ടിക്കയറി മേള ഗോപുരം തീര്‍ക്കുകയാണ് കലാകാരന്മാര്‍ ചെയ്യുക. ആസ്വാദകര്‍ വിരലില്‍ എണ്ണം പിടിച്ച് അതിൻ്റെ രസച്ചരടില്‍ ലയിക്കും.

ശ്രീമൂലസ്ഥാനത്തെ മേള വിസ്‌മയം

മഠത്തില്‍ നിന്നുള്ള വരവ് നായ്ക്കനാല്‍ പന്തലില്‍ എത്തുന്നതോടെ പഞ്ചവാദ്യത്തിന് സമാപ്‌തി കുറിച്ച് തിരുവമ്പാടിയുടെ പാണ്ടിമേളത്തിത്തിന് തുടക്കമാവും. ഇതോടെ തെക്കോട്ട് ഇറക്കത്തിനുള്ള പുറപ്പാടായി.

തെക്കോട്ടിറക്കം

ജനലക്ഷങ്ങളെ ത്രസിപ്പിക്കുന്ന കാഴ്‌ചയാണിത്. പൂരത്തിൻ്റെ ദൃശ്യവിസ്‌മയങ്ങളില്‍ ആഗോള പ്രശസ്‌തി നേടിയ പ്രകടനം. ഇലഞ്ഞിത്തറമേളം കൊട്ടി കലാശിച്ചശേഷം ആദ്യം ഇറങ്ങുക പാറമേക്കാവ്. വൈകാതെ തിരുവമ്പാടിയും. ഇരു വിഭാഗവും മുഖാമുഖം നിരക്കുന്നതോടെ മത്സര കുടമാറ്റത്തിന് തുടക്കം. വര്‍ണ പട്ടുകുടകളും സ്‌പെഷ്യല്‍ കുടകളും ഉയര്‍ത്തി തട്ടകക്കാര്‍ തങ്ങളുടെ പ്രാഗല്‍ഭ്യം തെളിയിക്കുന്ന സന്ദര്‍ഭം.

ചെറുപൂരങ്ങള്‍

എട്ട് തട്ടകങ്ങളില്‍ നിന്നുള്ള ഘടക പൂരങ്ങളാണ് തൃശൂര്‍ പൂരത്തെ പൂര്‍ണമാക്കുന്നത്. കണിമംഗലം, പനമുക്കുംപിളളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്‌തലക്കാവ് എന്നിവയാണിവ. ഇതില്‍ കണിമംഗലമാണ് ആദ്യം എത്തുക. രാത്രി ചെറുപൂരങ്ങളുടെ വരവ് ആവർത്തിക്കും.

പാറമേക്കാവിൻ്റെ പഞ്ചവാദ്യം

രാത്രിമാത്രമാണ് പാറമേക്കാവിന് പഞ്ചവാദ്യമുള്ളത്. പൂരത്തിൻ്റെ രാത്രിക്കാഴ്‌ചകളില്‍ പ്രധാനപ്പെട്ടതാണ് പാറമേക്കാവിൻ്റെ ഈ എഴുന്നള്ളിപ്പ്. തീവെട്ടികളുടെ വെളിച്ചത്തില്‍ രാത്രി പൂരം ആസ്വദ്യകരമാകുന്നു.

ആകാശപ്പൂരം

ഉത്ക്കണ്‌ഠയും കൗതുകവും ഉണര്‍ത്തുന്നതാണ് വെടിക്കെട്ട്. മാനത്തെ മാന്ത്രിക പൂരം. ഇത്തവണ തിരുവമ്പാടി വിഭാഗമാണ് ആദ്യം തീ കൊളുത്തുക.

ഉപചാരം ചൊല്ലി പിരിയല്‍

പൂരത്തിൻ്റെ മറ്റൊരു ആവേശക്കാഴ്‌ച. പിറ്റേന്ന് പകല്‍പൂരത്തിന് ശേഷം നടക്കുന്ന ചടങ്ങ്. ഇനി ഒരു വര്‍ഷം കാത്തിരിക്കണം പൂരം കാണാന്‍ എന്ന മനസ് ഉണര്‍ത്തുന്നതാണ് ഈ ചടങ്ങ്. ഇതിനുശേഷം പകല്‍ വെടിക്കെട്ടുമുണ്ട്.


Read Previous

അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ അവളെ വേട്ടയാടരുത് ‘, നേവി ഉദ്യോഗസ്ഥന്‍റെ ഭാര്യയ്‌ക്കെതിരെയുള്ള സംഘ്പ‌രിവാര്‍ സൈബര്‍ ആക്രമണത്തില്‍ ദേശീയ വനിതാ കമ്മിഷൻ

Read Next

ഐസിസി റാങ്കിംഗിൽ ഏകദിനത്തിലും ടി20യിലും ഇന്ത്യ ഒന്നാമത്; ടെസ്റ്റിൽ കനത്ത തിരിച്ചടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »