
അബുദാബി: അന്താരാഷ്ട്ര നഴ്സസ് ദിനത്തിന് മുന്നോടിയായുള്ള ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ നഴ്സുമാരെ കാത്തിരുന്നത് വമ്പൻ സർപ്രൈസ്! തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് ടൊയോട്ട RAV4 കാർ സമ്മാനിച്ചാണ് യുഎഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് ആഘോ ഷങ്ങൾക്ക് തുടക്കമിട്ടത്.
ഗ്രൂപ്പിന്റെ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച നഴ്സുമാരെ ആദരിക്കുന്നതിനായി നടത്തിയ ഡ്രൈവിങ് ഫോഴ്സ് അവാർഡ്സിലാണ് 26 ലക്ഷം രൂപ വിലമതിക്കുന്ന സർപ്രൈസ് സമ്മാനം ഓരോരുത്തരെയും കാത്തിരുന്നത്. വിജയികളിൽ നാല് മലയാളികളുൾപ്പടെ ആറ് ഇന്ത്യക്കാർ ഉൾപ്പെടുന്നു. ബാക്കിയുള്ളവർ ഫിലിപ്പൈൻസ്, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. എല്ലാ വർഷങ്ങളിലെയും പോലെയുള്ള ആഘോഷങ്ങളും സമ്മാനങ്ങളുമാണ് പങ്കെടുക്കാനെത്തിയവർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാർ സമ്മാനമായി ലഭിക്കുന്നുവെന്നറിഞ്ഞ പ്പോൾ പലരും സന്തോഷക്കണ്ണീ രിലായി.
വേദിയിൽ എന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കണമെന്ന് മാത്രമേ കരുതിയുള്ളൂ. ഇത്രയും വിലയേറിയ ഒരു സമ്മാനം പ്രതീക്ഷിച്ചതേയില്ല,” ഡ്രൈവിങ് ഫോഴ്സ് അവാർഡ് വിജയി അനി എം ജോസ് പറഞ്ഞു. ബുർജീൽ മെഡിക്കൽ സിറ്റിയിൽ നഴ്സിങ് എഡ്യൂക്കേഷൻ മാനേജരായ കണ്ണൂർ സ്വദേശി അനി യുഎഇ യിലെത്തിയത് 2015ലാണ്. തന്റെ 11 വർഷത്തെ കരിയറിൽ ആർജ്ജിച്ചെടുത്തത് വിലമതിക്കാനാ വാത്ത അനുഭവങ്ങളാണ്.
“ലേബർ ആൻഡ് ഡെലിവറി യൂണിറ്റിൽ ജോലി ചെയ്യുന്ന കാലം. ഓരോ ഷിഫ്റ്റും സന്തോഷവും ആകാം ഷയും നിറഞ്ഞതായിരുന്നു. അന്നെനിക്ക് ലഭിച്ച ഏറ്റവും വലിയ സന്തോഷമാണ് സേഫ് ഡെലിവെറിക്ക് ശേഷം ഒരു രോഗി എന്റെ കൈ പിടിച്ച് ഞാൻ അവരെ ഒരു ചേച്ചിയെ പോലെ നോക്കി എന്ന് പറഞ്ഞത്”- അനി ഓർത്തെടുത്തു. കണക്കിനെ പേടിച്ച് നഴ്സിങ്ങിലേക്ക് തിരിഞ്ഞ അനി പിന്നീട് മേഖലയിലെ അളവറ്റ അവസരങ്ങൾ തിരിച്ചറിഞ്ഞു മുന്നേറി. നഴ്സിങ്ങിൽ ഡോക്ടറേറ്റ് എടുത്ത് ആതുരസേവന രംഗത്ത് കൂടുതൽ സംഭാവനകൾ നൽകാൻ തയ്യാറെടുക്കുകയാണ് അനിയിപ്പോൾ.
അൽ റീമിലെ ബുർജീൽ ഡേ സർജറി സെന്ററിൽ നഴ്സായ പത്തനംതിട്ട സ്വദേശിനി അർച്ചന കുമാരി, ദുബായ് മെഡിയോർ ആശുപത്രിയിൽ നഴ്സായ സിബി മാത്യു, അൽ ഐനിലെ ബുർജീൽ റോയൽ ഹോസ്പി റ്റലിൽ ഐസിയു നഴ്സായ വിഷ്ണു പ്രസാദ് എന്നിവരാണ് മറ്റു മലയാളികൾ.
എറണാകുളത്തുനിന്നു യുഎഇയിലേക്ക് ചേക്കേറിയ സിബി കൂടുതലും ഡയാലിസിസ് രോഗികളെയാണ് പരിചരിക്കുന്നത്. ഓരോ രോഗിയും ഓരോ പാഠമാണെന്നാണ് സിബിയുടെ വിശ്വാസം. പത്തനംതിട്ട സ്വദേശിയായ വിഷ്ണു ഏഴു വർഷമായി ബുർജീലിൽ ഐസിയു നഴ്സാണ്. കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത, അടിയന്തര ഘട്ടങ്ങളിൽ എങ്ങിനെ സംയമനം പുലർത്താം, എങ്ങനെ ഉചിതമായ തീരു മാനങ്ങൾ സമയബന്ധിതമായി എടുക്കാം തുടങ്ങിയ കാര്യങ്ങൾ ഐസിയു കാലം വിഷ്ണുവിനെ പഠിപ്പിച്ചു.തമിഴ്നാട് സ്വദേശികളായ പ്രിയങ്ക ദേവിയും നബീൽ ഇക്ബാലുമാണ് പുരസ്കാരം നേടിയ മറ്റ് ഇന്ത്യക്കാർ.
അബുദാബിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിലും ഗ്രൂപ്പ് കോ-സിഇഒ സഫീർ അഹമ്മദും വിജയികൾക്ക് താക്കോൽ കൈമാറി. “പലപ്പോഴും, മികവിനെ നമ്മൾ വിലയിരുത്തുന്നത് കണക്കുകളിലൂടെയാണ്. എന്നാൽ യഥാർഥ നഴ്സിങ് മികവ് അളക്കാനാവില്ല. ആശ്വസിപ്പിക്കുന്ന കരങ്ങളിലും, പ്രത്യാശ പകർന്ന് നൽകുന്ന ഹൃദയങ്ങളിലുമാണത് ജീവിക്കുന്നത്. ഇത്തരം വിലമതിക്കാനാവാത്ത സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഡ്രൈവിങ് ഫോഴ്സ് അവാർഡ്”- ജോൺ സുനിൽ പറഞ്ഞു.
ബുർജീൽ യൂണിറ്റുകളിലുടനീളം മാസങ്ങൾ നീണ്ട വിലയിരുത്തലുകൾക്ക് ശേഷമാണ് ജൂറി വിജയികളെ തിരഞ്ഞെടുത്തത്. നഴ്സുമാരുടെ പ്രകടനം, കമ്മ്യൂണിറ്റി സേവനം, രോഗികളുടെ ജീവിതത്തിൽ ഉണ്ടാക്കി യ സ്വാധീനം എന്നിവ അവലോകനം ചെയ്താണ് അന്തിമവിജയികളെ തീരുമാനിച്ചത്. വരും ദിനങ്ങളിൽ ബുർജീലിന്റെ ആരോഗ്യശൃംഖലയിലുള്ള 100 നഴ്സുമാർക്ക് പ്രത്യേക ക്യാഷ് അവാർഡുകളും നൽകും.