കുടുംബത്തിന് രുചികരമായ ഭക്ഷണം നൽകാനുള്ള ആഗ്രഹം എത്തി നിന്നത് 100 കോടിയുടെ ബിസിനസിൽ; ഫാമിലി കിച്ചൺ മുതൽ ആഗോള വിപണി വരെയുള്ള പ്രഗതിയുടെ യാത്ര ഇങ്ങനെ


ഹൈദരാബാദ്: എരിവും പുളിയും മധുരവും ചേർന്ന മാമ്പഴത്തിന്‍റെയും പുളിയുടേയുമൊക്കെ രുചികള്‍ എക്കാലത്തും ഏവരുടേയും വായിൽ കപ്പലോടിക്കുന്നവയാണ്. ഇന്ത്യയിൽ നിന്ന് അകലെ യായിരിക്കുമ്പോൾ പലർക്കും ഈ രുചികൾ നഷ്‌ടമാകാറുണ്ട്. എന്നാല്‍ 20 രാജ്യങ്ങളിലേക്ക് ഈ രുചി കയറ്റി അയച്ച് വമ്പന്‍ ബിസിനസ് കെട്ടിപ്പടുത്തിരിക്കുകയാണ് തെലങ്കാന സ്വദേശിയായ മുവ്വ പ്രഗതി.

അച്ചാറുകൾ, ലഘുഭക്ഷണങ്ങൾ, പൊടികൾ എന്നിവയുൾപ്പെടെ നിര്‍മ്മിക്കുന്ന മുവ്വ പ്രഗതിയുടെ ബിസിനസ് ഇന്ന് എത്തി നില്‍ക്കുന്നത് 100 കോടിയിലാണ്. ഏലൂരുവിനടുത്തുള്ള വട്‌ലൂരു സ്വദേശിയായ പ്രഗതിയും കുടുംബവും ഇപ്പോൾ ഹൈദരാബാദിലെ കൊണ്ടാപൂരിലാണ് താമസിക്കുന്നത്.

പരമ്പരാഗത അച്ചാറുകളും പൊടികളും ഇഷ്ടപ്പെടുന്ന ഭർത്താവ് മുവ്വ രമേശിനൊപ്പം നാല് വർഷം മുമ്പാണ് ഇളയ മകളുടെ പേരില്‍ അവർ “ശ്വേത തെലുഗു ഫുഡ്‌സ്” എന്ന സംരംഭം ആരംഭിക്കുന്നത്. ചൗട്ടുപ്പാൽ മണ്ഡലിലെ ദണ്ടുമൽക്കപുരത്തുള്ള ഹരിത ഇൻഡസ്ട്രിയൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ തുടക്കത്തില്‍ 15 പേരായിരുന്നു ജോലിക്കാര്‍. ഇന്നവര്‍ക്ക് സ്വന്തമായി കെട്ടിടവും ഭക്ഷ്യവസ്‌തുക്കളുടെ നിര്‍മ്മാണത്തിന് ആവശ്യമായ യന്ത്രങ്ങളുമുണ്ട്.

ഭക്ഷ്യ ബിസിനസിലേക്കുള്ള പ്രഗതിയുടെ യാത്ര

വളരെ ലളിതമായ സാഹചര്യത്തിലാണ് ബിസിനസ് ആരംഭിച്ചതെന്ന് പ്രഗതി പറഞ്ഞു. “കൊമേഴ്‌സിൽ പിജി പഠിക്കുന്നതിനിടയിലാണ് ഞാൻ വിവാഹിതയായത്. അതിനുശേഷം വീട്ടുജോലികളും കുട്ടിക ളുടെ വിദ്യാഭ്യാസത്തിനും മുൻഗണന നൽകി” അവർ ഓർമ്മിക്കുന്നു. “എന്നാൽ കുടുംബത്തിന് രുചിക രമായ ഭക്ഷണം പാകം ചെയ്യണമെന്ന എൻ്റെ ആഗ്രഹം സംരംഭകത്വത്തിന് ഒരു തിരികൊളുത്തി”- പ്രഗതി പറഞ്ഞു.

അസംസ്‌കൃത വസ്‌തുക്കൾ നേരിട്ട് കര്‍ഷകരില്‍ നിന്ന്

“ഞങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് അസംസ്‌കൃത വസ്‌തുക്കൾ ശേഖരിക്കുന്നു. വിളകളുടെ ഗുണനിലവാരം പരിശോധിക്കുന്നു. തൃപ്‌തിപ്പെട്ടാൽ ന്യായമായ വില ഉറപ്പാക്കുന്നു. കരാറുകളിൽ ഒപ്പിടുന്നു. ഈ സംവിധാനം ഗുണനിലവാരം ഉറപ്പാക്കുക മാത്രമല്ല, പ്രാദേശിക കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങളിൽ നിന്ന് ലാഭം നേടാനും സഹായിക്കുന്നു” പ്രഗതി പറയുന്നു.

പ്രഗതിയുടെ കുടുംബം മൊത്തം ബിസിനസിന്‍റെ ഭാഗമാണ്. ഭക്ഷ്യ വസ്‌തുക്കള്‍ നിര്‍മ്മിക്കുന്നതിന് പ്രഗതി മേല്‍നോട്ടം വഹിക്കുമ്പോള്‍, ഫ്രാൻസിൽ എംബിഎ പൂർത്തിയാക്കിയ അവരുടെ മൂത്ത മകൾ നിഖിതയാണ് മാർക്കറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. “എല്ലാ ദിവസവും ഞങ്ങൾ ഏകദേശം 10 ടൺ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് അയയ്ക്കുന്നു. ഇന്ത്യയിലുടനീളം ഞങ്ങൾക്ക് 240 വിതരണക്കാരുണ്ട്. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ദുബായ്, ഡൽഹി, ഹൈദരാബാദ്, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കും എത്തിക്കുന്നു. സീസണുകൾക്ക് അനുസൃതമായാണ് ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നത്” പ്രഗതി പറഞ്ഞു. ഇവ സംഭരിച്ച് സീസണല്‍ അല്ലാത്തപ്പോഴും ലഭ്യമാക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശ്വേത തെലുഗു ഫുഡ്‌സ്

പ്രതിവർഷം ₹100 കോടിയിലധികം വിറ്റുവരവുള്ള ശ്വേത തെലുഗു ഫുഡ്‌സ് 300 സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന ഒരു കേന്ദ്രം കൂടിയാണ്. കഴിവുകളും അവസരങ്ങളും വഴി അവരെ ശാക്തീകരിക്കുന്നു. “സ്ത്രീകൾക്ക് അപാരമായ കഴിവുകളുണ്ട്” പ്രഗതി ഊന്നിപ്പറയുന്നു. “ശരിയായ സമയവും അവസര ങ്ങളും ഉണ്ടെങ്കിൽ, അവർക്ക് സംരംഭകരായി മികവ് പുലർത്താൻ കഴിയും. നിങ്ങളുടെ ലക്ഷ്യങ്ങൾ അറിയുക, നിങ്ങൾ വളരുക മാത്രമല്ല, മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യും” പ്രഗതി കൂട്ടിച്ചേര്‍ത്തു.


Read Previous

പൂര നഗരിയില്‍ യുവാവിന് അപസ്മാരം, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, ആളെ തിരിച്ചറിഞ്ഞിട്ടില്ല

Read Next

ഓപ്പറേഷൻ സിന്ദൂർ; തിരിച്ചടിച്ച് ഇന്ത്യ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. 12 ഭീകരര്‍ കൊല്ലപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »