പാക് ഷെല്ലാക്രമണത്തില്‍ 15 മരണം; 57 പേര്‍ക്ക് പരിക്ക്: ഇനിയും ആക്രണത്തിന് മുതിര്‍ന്നാല്‍ പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളടക്കം തകര്‍ക്കുമെന്ന് ഇന്ത്യ


ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 57 പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് സ്വദേശികളായ കാശ്മീരികളാണ് മരിച്ചവരെല്ലാം. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പൂഞ്ചില്‍ അതിര്‍ത്തി പ്രദേശത്തെ മലമുകളില്‍ നിലയുറപ്പിച്ച പാക് സൈനികര്‍ നിരപരാധികളായ നാട്ടുകാര്‍ക്ക് നേരേ ഷെല്ലാക്രമണം നടത്തുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

പുഞ്ച്, രജൗരി ജില്ലകളിലെ ഉറി, കര്‍ണ, തങ്ധര്‍ മേഖലകളിലും പാക് ഷെല്‍ ആക്രമണം ഉണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. ഷെല്ലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം ഉചിതമായ രീതിയില്‍ മറുപടി നല്‍കുന്നുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു. ഇന്ന് ഉച്ചവരെ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഷെല്ലാക്രമണം ശക്തമായിരുന്നു. പിന്നീട് ഇടയ്ക്കിടെ തുടരുന്നതായും സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതിനിടെ പാകിസ്ഥാന്‍ ഇനിയും ആക്രണത്തിന് മുതിര്‍ന്നാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. വിദേശ രാജ്യങ്ങളോടാണ് ഇക്കാര്യത്തില്‍ ഇന്ത്യ നിലപാടറിയിച്ചത്. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ തങ്ങള്‍ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചു. ഇന്ത്യ ഇതുവരെ ഒരു സൈനിക കേന്ദ്രം പോലും തകര്‍ത്തിട്ടില്ലെന്നും തകര്‍ത്തത് പാകിസ്ഥാനിലെ ഭീകരാക്രമണ കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.


Read Previous

ലാഹോറിൽ തുടർ സ്ഫോടനങ്ങൾ; പരിഭ്രാന്തിയോടെ ജനം പരക്കംപാഞ്ഞു; ആക്രമണം വാൾട്ട‍ർ വിമാനത്താവളത്തിന് തൊട്ടടുത്ത്.

Read Next

ഉത്തരകാശിയിൽ ഹെലികോപ്‌ടർ തകർന്ന് വീണ് അപകടം; അഞ്ച് പേർ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »