
ദില്ലി: ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണവായുധ വിഷയങ്ങളിൽ അധികാരമുള്ള കമാൻഡ് അതോറിറ്റിയുടെ യോഗം വിളിച്ചു. ദിവസങ്ങളായി കശ്മീരിലേക്കും അതിർത്തി സംസ്ഥാനങ്ങളിലേക്കും ആക്രമണം നടത്തുന്നതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണിയും മുഴക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അതിർത്തിയിൽ പാകിസ്ഥാൻ ആക്രമണം നടത്തുകയാണ്.
അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പാക് സൈനിക മേധാവിയുമായി സംസാരിച്ചു. ആണുവായുധ അധികാര സമിതിയുടെ യോഗം പാകിസ്ഥാൻ വിളിച്ചതിന് പിന്നാലെയാണ് അമേരിക്ക യുടെ നീക്കം. ഇന്ന് പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ആണവായുധങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സമിതിയുടെ യോഗം ചേരുക. അതേസമയം, ഇരു രാജ്യങ്ങളും സംഘർഷത്തി ൽ നിന്ന് പിന്തിരിയണമെന്ന് ജി7 രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഇന്ത്യ-പാക് സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജി7 രാജ്യങ്ങൾ രംഗത്ത് വരികയായിരുന്നു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഈ രാജ്യങ്ങളുടെ കൂട്ടായ്‌മ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഏപ്രില്‍ 22ന് ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരി കളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ ജി7 രാജ്യങ്ങള്‍ അപലപിച്ചു. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നീ കരുത്തരുടെ സഖ്യമാണ് ജി7.
പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്ന ഭീകരവാദി ആക്രമണത്തെ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും, യൂറോപ്യന്‍ യൂണിയന്‍റെ ഉയര്‍ന്ന പ്രതിനിധികളും ശക്തമായി അപലപിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷങ്ങളില്‍ നിന്ന് പരമാവധി അയയണം. ഇനിയും സൈനിക നീക്കം തുടരുന്നത് പ്രദേശത്തിന്‍റെ സ്ഥിരതയ്ക്ക് ഭീഷണി യാവും. ഇരു വശത്തമുള്ള സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയെ കുറിച്ച് ജി7 രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. ഉടനടി സംഘർഷം ലഘൂകരിക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. നേരിട്ടുള്ള ചര്‍ച്ചകളിലൂടെ ഇന്ത്യയും പാകിസ്ഥാനും സമാധാനം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥ തുടര്‍ന്നും സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ഞങ്ങള്‍, നയതന്ത്രപരമായ പരിഹാരത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നതായും’ ജി7 രാജ്യങ്ങളുടെ പ്രസ്‌താവനയില്‍ പറയുന്നു.
അതേസമയം ഇന്ത്യ-പാകിസ്ഥാന്‍ സംഘർഷം ലഘൂകരിക്കാൻ ആഗ്രഹിക്കുന്നെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയുമായും പാക്കിസ്ഥാ നുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രിയുമായി സൗദി വിദേശകാര്യ മന്ത്രി ചർച്ച നടത്തി.
ഇന്ത്യക്കെതിരെ ആക്രമണമാരംഭിച്ചെന്ന് ഒടുവിൽ പാകിസ്ഥാൻ സമ്മതിച്ചിരിക്കുകയാണ്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വ്യാപകമായ ആക്രമണം ഇന്നലെ രാത്രിയിലും പാകിസ്ഥാന്‍ തുടർന്നു. വിജയകരമായി പ്രതിരോധിച്ച ഇന്ത്യ അതിശക്തമായ പ്രത്യാക്രമണവും നടത്തി. പാക് എയർബേസുകൾ ഇന്ത്യൻ വ്യോമ ശേഷിയുടെ കരുത്തറിഞ്ഞു. ഇസ്ലാമാബാദും കറാച്ചിയും ലാഹോറും അടക്കം എട്ട് പാക് നഗരങ്ങളിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. രാവിലെയും ആക്രമണം തുടരുകയാണ് പാകിസ്ഥാൻ. ജമ്മുവിലും ശ്രീനഗറിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് നേരെയും ആക്രമണ ശ്രമമുണ്ടായി. കരസേനയുടെ വടക്കൻ കമാൻഡ് ആസ്ഥാനമായ ഉദ്ധംപൂരിൽ മിസൈൽ ആക്രമണ മുണ്ടായി. അമൃത്സറിലും രാവിലെ ഡ്രോൺ ആക്രമണം നടന്നു. ജലന്ധറിലും അപായ സൈറണുകൾ മുഴങ്ങി.