
ദില്ലി: ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി രാത്രി വൈകി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നിലവിൽ വന്ന വെടിനിർത്തൽ ധാരണ, പാകിസ്ഥാൻ തുടർച്ചയായി ലംഘിച്ചു. പാക് നടപടിയെ അപലപിച്ച ഇന്ത്യ, ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകി. ഇക്കാര്യം വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചെന്ന വിവരം നേരത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള യാണ് അറിയിച്ചത്. ഇരു രാജ്യങ്ങളിലെയും സേനകളിലെ ഡിജിഎംഒമാർ വീണ്ടും സംഭാഷണം നടത്തി. പാകിസ്ഥാൻ്റെ നടപടിയോട് സംയമനത്തോടെയാണ് ഇന്ത്യ പ്രതിരോധിക്കുന്നത്. പാകിസ്ഥാൻ്റെ ഡിജി എം ഒയെ വിളിച്ച് വിഷയത്തിൻ്റെ ഗൗരവം മനസിലാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഈ നിലയിൽ പ്രകോപനം തുടരുകയാണെങ്കിൽ ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയെന്ന് വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്.
പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ധാരണ തെറ്റിച്ച് ആക്രമണം നടത്തിയതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിൽ നിർണായക യോഗം ചേരുകയാണ്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഓൺലൈനിലാണ് യോഗം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് യോഗം വിളിച്ചത്.
ജവാന് വീരമൃത്യു
പാക് സൈന്യവുമായി ഇന്നലത്തെ ഏറ്റുമുട്ടലിൽ ജമ്മുവിലെ ആർഎസ് പുരയ്ക്ക് സമീപം അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന പ്രദേശത്ത് വെച്ച് ഗുരുതരമായി പരിക്കേറ്റ ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചു. ബിഎസ്എഫ് സബ് ഇൻസ്പെക്റ്റർ മുഹമ്മദ് ഇംതിയാസ് ആണ് വീരമൃത്യു വരിച്ചത്. ജമ്മുവിലെ ആർഎസ് പുരയിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇംതിയാസിന് ഗുരുതരമായി പരി ക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി ജമ്മുവിലെ കമാൻഡോ ആശുപത്രിയിലായിരുന്നു ഇദ്ദേഹം. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.