
ബംഗളൂരു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) മുന്‍ മേധാവിയും പത്മശ്രീ അവാര്‍ഡ് ജേതാവും കൃഷി ശാസ്ത്രജ്ഞനുമായ ഡോ. സുബ്ബണ്ണ അയ്യപ്പന്‍ (70) മരിച്ച നിലയില്‍. മൈസൂരില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ മാണ്ഡ്യയ്ക്കടുത്തുള്ള ശ്രീരംഗപട്ടണത്തിലെ കാവേരി നദിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. നദിയിലൂടെ ഒഴുകിവന്ന മൃതദേഹം പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഇവര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധന യിലാണ് മൃതദേഹം സുബ്ബണ്ണ അയ്യപ്പന്റേതാണെന്ന് തിരിച്ചറിഞ്ഞത്.]
പുഴയുടെ കരയില്‍നിന്നും ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം പാര്‍ക്കുചെയ്ത നിലയില്‍ കണ്ടെത്തി യിട്ടുണ്ട്. ഇരുചക്രവാഹനം പാര്‍ക്കുചെയ്ത ശേഷം സുബ്ബണ്ണ അയ്യപ്പന്‍ പുഴയിലേക്ക് ചാടിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മെയ് ഏഴാംതീയതി മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. സുബ്ബണ്ണയെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ മൈസൂരിലെ വിദ്യാരണ്യപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സുബ്ബണ്ണ അയ്യപ്പന്റെ മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.മൈസൂരിലെ വിശ്വേശ്വര നഗര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സുബ്ബണ്ണ അയ്യപ്പന്‍ താമസിക്കുന്നത്.