
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാകിസ്ഥാനുമായി വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓപ്പറേഷൻ സിന്ദൂറും വെടിനിർത്തലും ചർച്ച ചെയ്യാന്‍ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ആദ്യം വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് കത്തിൽ രാഹുൽ ഗാന്ധി അടിവരയിടുന്നു.
“പ്രിയപ്പെട്ട പ്രധാനമന്ത്രി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടൻ വിളിച്ചുകൂട്ടണമെന്ന പ്രതിപ ക്ഷത്തിന്റെ ഏകകണ്ഠമായ അഭ്യർത്ഥന ഞാൻ ആവർത്തിക്കുന്നു. പഹൽഗാം ഭീകരാക്രമണം ഓപ്പറേഷൻ സിന്ദൂർ, ഇന്നലെ യുഎസ് പ്രസിഡന്റ് ട്രംപ് വെടിനിർത്തൽ ആദ്യം പ്രഖ്യാപിച്ച സംഭവം എന്നിവയെക്കുറിച്ച് ജനങ്ങളും അവരുടെ പ്രതിനിധികളും ചർച്ച ചെയ്യേണ്ടത് നിർണായകമാണ്. മുന്നിലുള്ള വെല്ലുവിളികളെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിത്. ഈ ആവശ്യം നിങ്ങൾ ഗൗരവത്തോടെയും വേഗത്തിലും പരിഗണിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” രാഹുൽ ഗാന്ധി കത്തിൽ എഴുതി.
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയും ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഖാർഗെ പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു. എന്നാൽ കേന്ദ്രം ഇതിനോട് അനുകൂല സമീപനമല്ല സ്വീകരിച്ചത്.