പഹല്‍ഗാമില്‍ കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിയുടെ ഭാര്യക്ക് ഇന്ത്യന്‍ പൗരത്വം


ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബിതാന്‍ അധികാരിയുടെ ഭാര്യ സൊഹേനി റോയിക്ക് ഇന്ത്യന്‍ പൗരത്വം. ബംഗ്ലാദേശില്‍ ജനിച്ച സൊഹേനിയുടെ പൗരത്വത്തിനുള്ള അപേക്ഷ ദീര്‍ഘകാലമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ അനൂകൂല തീരുമാനം എടുത്തിരിക്കുന്നത്.

ഫ്ളോറിഡയില്‍ ഐടി ഉദ്യോഗസ്ഥനായിരുന്ന ബിതാന്‍ അധികാരിയെ ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ഭീകരര്‍ ഭാര്യയുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതം അനിശ്ചിതത്വത്തിലായ സൊഹേനിക്ക് ആശ്വാസമേകുന്നതാണ് ഇപ്പോഴത്തെ നടപടി. ബിതാന്‍ അധികാരിയെ വിവാഹം ചെയ്ത സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പൗരത്വം അനുവദിച്ചിരിക്കുന്നത്.

1955 ലെ പൗരത്വ നിയമപ്രകാരം സൊഹേനിക്ക് പൗരത്വം അനുവദിച്ച സര്‍ട്ടിഫിക്കറ്റ് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. ബംഗ്ലാദേശിലെ നാരായണ്‍ ഗഞ്ചീല്‍ ജനിച്ച സൊഹേനി 1997 ജനുവരിയില്‍ ഇന്ത്യയില്‍ എത്തിയെന്നാണ് പൗത്വ രേഖയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സോഹേനി റോയിയുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സഹമന്ത്രി സുകാന്ത മജുംദാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.

നിലവില്‍ ഭര്‍ത്താവ് ബിതാന്‍ അധികാരിയുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഒപ്പം കൊല്‍ക്കത്തയിലെ പടുലിയില്‍ താമസിച്ച് വരികയാണ് സൊഹേനി റോയ്. ബിതാന്‍ അധികാരിയുടെ മരണത്തിന് പിന്നാലെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ ബിതാന്‍ അധികാരിയുള്‍പ്പെടെ മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് ഉണ്ടായിരുന്നത്.


Read Previous

കെപിസിസിക്ക് ഇനി പുതിയ നേതൃത്വം; അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സണ്ണി ജോസഫ്

Read Next

ഹജ്ജ് 2025: ഇതുവരെ പുണ്യഭൂമിയില്‍ എത്തിയത് രണ്ടേകാല്‍ ലക്ഷത്തോളം ഹാജിമാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »