തീവ്രവാദികളുടെ സഹോദരി’; കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ചു, മദ്ധ്യപ്രദേശ് മന്ത്രിക്കെതിരെ ബിജെപി


ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്ന് ബിജെപി. മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെയാണ് നടപടി. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഷായുടെ പരാമർശം. ഇതിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

ഇൻഡോറിൽ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷാ അധിക്ഷേപ പരാമർശം നടത്തിയത്. നമ്മുടെ പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാൻ അവരുടെ സഹോദരിയെ തന്നെ അയച്ചുവെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇതിന്റെ വീഡിയോ മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജിത്തു പട്‌വാരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മന്ത്രിയുടെ ഈ ചിന്താഗതി ബിജെപി അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഷായുടെ പരാമർശം ഇന്ത്യൻ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി.സംഭവം വിവാദമായതോടെ അവർ നമ്മുടെ സഹോദരിമാരാണെന്നും പ്രസംഗത്തെ തെറ്റിദ്ധരിക്കരുതെന്നും വിജയ് ഷായും പ്രതികരിച്ചു.

ഇന്ത്യൻ സൈന്യത്തിന്റെ ‘കോർപ്‌സ് ഒഫ് സിഗ്നൽസിൽ’ നിന്നുള്ള ഓഫീസറാണ് കേണൽ സോഫിയ ഖുറേഷി. 35 വയസിനുള്ളിൽ ചരിത്രപരമായ പല നേട്ടങ്ങളും ഈ ഉന്നത സൈനിക ഉദ്യോഗസ്ഥ സ്വന്തമാക്കിയിട്ടുണ്ട്. 2016 മാർച്ചിൽ, അന്ന് ലെഫ്റ്റനന്റ് കേണൽ ആയിരിക്കെ ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഒരു സൈനിക സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസറെന്ന നേട്ടം കൊയ്തുകൊണ്ടാണ് സോഫിയ ഖുറേഷി ആദ്യ നാഴികക്കല്ല് പിന്നിട്ടത്.

‘എക്സർസൈസ് ഫോഴ്സ് 18’ എന്ന ഈ അഭ്യാസം ഇന്ത്യ ഇതുവരെ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമാണ്. പൂനെയിൽ നടന്ന യുദ്ധാഭ്യാസത്തിൽ ആസിയാൻ അംഗരാജ്യങ്ങളും ജപ്പാൻ, ചൈന, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ ആഗോള ശക്തികളും ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള സൈനികർ പങ്കെടുത്തിരുന്നു. ഇവരിൽ ഏക വനിതാ ഓഫീസറും സോഫിയ ഖുറേഷി ആയിരുന്നു.

40 അംഗ ഇന്ത്യൻ കണ്ടിജെന്റിന്റെ കമാൻഡിംഗ് ഓഫീസർ എന്ന നിലയിൽ, പീസ് കീപ്പിംഗ് ഓപ്പറേഷൻസ് (പി‌കെ‌ഒ) കളിലും ഹ്യൂമാനിറ്റേറിയൻ മൈൻ ആക്ഷൻ (എച്ച്എം‌എ) യിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിർണായക പരിശീലന വിഭാഗങ്ങളിൽ കേണൽ സോഫിയ തന്റെ ടീമിനെ നയിച്ചു. 2006ൽ കോംഗോയിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനത്തിൽ സൈനിക നിരീക്ഷകയായി സേവനമനുഷ്ഠിച്ചു. 2010 മുതൽ പി‌കെ‌ഒകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണിവർ.


Read Previous

അഞ്ച് മാസം ഗർഭിണിയായിരുന്നപ്പോഴും മർദ്ദിച്ചു’; ബെയ്‌ലിൻ ദാസിനെതിരെ ബാർ കൗൺസിലിൽ പരാതി നൽകി യുവ അഭിഭാഷക

Read Next

പാക് ഷെല്ലാക്രമണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന് വീരമൃത്യു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »