ഇന്ത്യ-പാക് സംഘർഷത്തിനിടെ സോഷ്യൽ മീഡിയയിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയ ടെലിവിഷൻ താരമായ അഖിൽ മാരാർക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ മേജർ രവി. ഒരു യുദ്ധം നടക്കുന്ന സമയത്ത് എന്തെങ്കിലും ദേശവിരുദ്ധ പ്രസ്താവനകൾ നടത്തിയാൽ അയാളെ ദേശവിരുദ്ധനായാണ് കണക്കാക്കുന്നതെന്നും മേജർ രവി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അഖിൽ മാരാർ എന്റെ സുഹൃത്താണ്. അവൻ എങ്ങനെയാണ് ഇങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് നടത്തിയതെന്ന് അറിയില്ല. ഒരു യുദ്ധം നടക്കുമ്പോഴും എന്തെങ്കിലും ദേശവിരുദ്ധമായ സ്‌റ്റേറ്റ്‌മെന്റ് നമ്മൾ കൊടുത്തുകഴിഞ്ഞാൽ അവനെ നമ്മൾ ദേശവിരുദ്ധനായാണ് കാണുന്നത്. ഇത് സാധാരണ സമയമല്ല. ഈ സമയത്ത് നിങ്ങൾ വാ തുറക്കരുത്. എന്തുകൊണ്ടാണ് പ്രതിപക്ഷം ഈ സമയത്ത് മിണ്ടാതിരിക്കുന്നത്. ഇന്ന് യുദ്ധസമാനമാണ്. ചാനലുകളെ വരെ മോണിറ്റർ ചെയ്യുകയാണ്’- മേജർ രവി പറഞ്ഞു.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അഖിൽ മാരാർ ദേശവിരുദ്ധ പ്രസ്താവന നടത്തിയത്. പരാമർശത്തിൽ ബിജെപി നേതാവ് നൽകിയ പരാതിയിൽ അഖിൽ മാരാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തെയും ഐഖ്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുന്ന ഉദ്ദേശ്യത്തോടെ അഖിൽ പ്രവർത്തിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയാണ് പരാതി നൽകിയത്.