
ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രി സഭായോഗം ഇന്ന് (മെയ് 14) ചേരും. നിലവില്‍ അതിര്‍ത്തിയിലെ അവസ്ഥ എന്താണെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്യും. പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടി അഭിമാനകരമാണെന്നാണ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
അതേസമയം സുരക്ഷാകാര്യങ്ങള്‍ പരിഗണിക്കുന്ന കാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും. പഹല്‍ ഗാം ആക്രമണത്തിന് ശേഷം ഇത് മൂന്നാം തവണയാണ് കാബിനറ്റ് സമിതി യോഗം ചേരുന്നത്. പഹല്‍ഗാം ആക്രമണം നടത്തിയ ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെടും. ഇതിന് ആവശ്യമായിട്ടുള്ള തെളിവുകള്‍ സഹിതം യുഎന്‍ സുരക്ഷാ സമിതിയെ സമീപിക്കാനിരിക്കുകയാണ് ഇന്ത്യ. ഇത് സംബന്ധിച്ചും കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും
അതേസമയം 48 മണിക്കൂറിനകം ഇന്ത്യ-പാക് ഡിജിഎംഒ തല ചര്‍ച്ചയെന്ന വാര്‍ത്ത തെറ്റാണെന്ന് സൈ നിക വൃത്തങ്ങള്‍ അറിയിച്ചു. മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാഷ്‌ട്രപതി മുര്‍മുവിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി, വ്യോമ സേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.