
ദോഹ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് ഖത്തറിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേൽക്കാനൊരുങ്ങി രാജ്യം. ട്രംപിന്റെ മധ്യപൂർവേഷ്യൻ പര്യടനത്തിന് ചൊവ്വാഴ്ച തുടക്കം കുറിച്ചിരുന്നു. വീണ്ടും പ്രസിഡന്റായി ചുമതലയേറ്റശേഷം ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്കായി റോമിലെത്തിയത് ഒഴിച്ചാൽ ട്രംപിന്റെ ആദ്യ നയതന്ത്ര വിദേശ പര്യടനമാണ് ഇത്.
ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം പത്തോടെ റിയാദിലെത്തിയ ഡോണൾഡ് ട്രംപ് ബുധനാഴ്ച ഉച്ചകഴിഞ്ഞാവും ദോഹയിലെത്തുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ ഖത്തറിലേക്കുള്ള വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് സൗദിയും, പിന്നാലെ ദോഹയും സന്ദർശിക്കാനെത്തുമ്പോൾ ഗാസ വെടിനിർത്തൽ സംബന്ധിച്ചും ചർച്ചകൾ സജീവമാണ്. കൂടിക്കാഴ്ച യിൽ ഗാസ വെടിനിർത്തൽ നിർദേശവും പുനർനിർമാണ പദ്ധതിയും ചർച്ചയായേക്കും. ഗാസ വിഷയ ത്തിൽ നിർണായകമായ ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന സൂചനയുമുണ്ട്.
ഇസ്രായേൽ, ഹമാസ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളും ബന്ദി മോചനവും ഇതോടനുബന്ധിച്ച് നടക്കുന്നതും പ്രതീക്ഷ നൽകുന്നു. ഖത്തറും അമേരിക്കയും തമ്മിലെ വിവിധ നിക്ഷേപ പദ്ധതികൾക്കും സാധ്യതകളുണ്ട്. ട്രംപിന്റെ സന്ദർശനത്തിനിടെ, സുരക്ഷയും പ്രതിരോധവും മുഖ്യ വിഷയങ്ങളായിരി ക്കുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പറഞ്ഞിരുന്നു.
22 വർഷത്തിനുശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് സന്ദർശനത്തിനായി ഖത്തറിലെത്തുന്നത്. ജോർജ് ഡബ്ല്യു ബുഷിന്റെ 2003ലെ സന്ദർശനത്തിനുശേഷം ആദ്യമായാണ് പദവിയിലിരിക്കുന്ന ഒരു അമേരിക്കൻ പ്രസിഡന്റ് ദോഹയിലെത്തുന്നത്. അതേസമയം, പ്രസിഡന്റ് ദോഹയിലെത്തുന്ന സമയം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ലഭ്യമല്ല. ഖത്തറിലെത്തിയ ശേഷം, യു.എ.ഇ കൂടി സന്ദർശിച്ച് പര്യടനം പൂർത്തിയാകും.