
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ പ്രതിയും പരാതിക്കാരിയും വിവാഹിതരാവാന്‍ തീരുമാനിച്ചതോടെ സുപ്രീം കോടതിയില്‍ അസാധാരണ രംഗങ്ങള്‍. വിവാഹിതരാവാനുള്ള താത്പര്യം പ്രകടിപ്പിച്ച പ്രതി യോട് വിവാഹ അഭ്യര്‍ഥന നടത്താന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഇരുവരും കോടതി നിര്‍ദേശ പ്രകാരം പൂക്കളും കൈമാറി. ഇതിനു പിന്നാലെ പ്രതിയുടെ പത്തു വര്‍ഷം തടവു ശിക്ഷ മരവിപ്പിച്ച് കോടതി ഉത്തരവിറക്കി.
വ്യാഴാഴ്ചയാണ് സുപ്രീംകോടതിയില്‍ അസാധാരണമായ രംഗങ്ങള്‍ അരങ്ങേറിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവും യുവതിയും വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം സുപ്രീംകോടതി യെ അറിയിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും എസ് സി ശര്‍മയും അടങ്ങിയ ബെഞ്ചിന് മുന്നിലായിരുന്നു പ്രതിയും ഇരയും വിവാഹത്തിന് സമ്മതിച്ചുകൊണ്ട് പരസ്പരം പൂക്കള്‍ കൈമാറിയത്. കോടതി തന്നെയാണ് പൂക്കള്‍ ഏര്‍പ്പാടാക്കിയതെന്ന് മധ്യപ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ.മൃണാള്‍ ഗോപാല്‍ ഏകര്‍ പറഞ്ഞു.
പ്രതിക്ക് നേരെ മധ്യപ്രദേശ് സെഷന്‍സ് കോടതി 10 വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ സുപ്രീം കോടതി റദ്ദ് ചെയ്തു. വിവാഹത്തിന്റെ കാര്യങ്ങള്‍ മാതാപിതാക്കള്‍ തീരുമാനിക്കുമെന്നും വിവാഹം കഴിയുന്നത്ര വേഗത്തില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി ഉത്തരവില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ശിക്ഷ താല്‍ക്കാലികമായി റദ്ദാക്കുന്നുവെന്നും കോടതി വ്യക്തമാക്കി. പ്രതി ജയിലിലേയ്ക്ക് മടങ്ങിയ ശേഷം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയാല്‍ ജാമ്യം നല്‍കും.
2021 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി തന്നെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് സ്ത്രീ പരാതിപ്പെട്ടത്. ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും ബന്ധപ്പെട്ടത്. ക്രമേണ ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും അതില്‍ പറയുന്നു. തന്നെ വിവാഹം കഴിക്കുമെന്ന് പുരുഷന്‍ സ്ത്രീക്ക് നിരന്തരം ഉറപ്പു നല്‍കി. എന്നാല്‍ വിവാഹം കഴിക്കുന്ന കാര്യം ആവശ്യപ്പെട്ടപ്പോള്‍ അമ്മയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി പുരുഷന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് സ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 5ന് വിചാണ കോടതി ബലാത്സംഗത്തിനും വഞ്ചനയ്ക്കും പുരുഷനെ ശിക്ഷിച്ചു. പത്ത് വര്‍ഷം കഠിന തടവിനും വഞ്ചനയ്ക്ക് രണ്ട് വര്‍ഷം തടവിനും ശിക്ഷിച്ചു. തുടര്‍ന്ന് പ്രതി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അവിടുന്നും അനുകൂല വിധിയുണ്ടായില്ല. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.