
ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസി ജനസംഖ്യ ഒരു ദശകത്തിനുള്ളിൽ ഇരട്ടിയായി ഉയർന്നതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് ശിവൻ. നിലവിൽ രാജ്യത്ത് 43.6 ലക്ഷത്തിലേറെ ഇന്ത്യ ക്കാരുള്ളതായി സതീഷ് കുമാർ ശിവൻ പറഞ്ഞു. 10 വർഷം മുൻപ് 22 ലക്ഷം ഇന്ത്യക്കാരായിരുന്നു യുഎഇയിലുണ്ടായിരുന്നത്. ഒരു ദശാബ്ദത്തിനുള്ളിലാണ് ജനസംഖ്യ ഇരട്ടിയിലേറെയായത്. 2000-ത്തിന്റെ തുടക്കത്തിൽ യുഎഇയിലെ ജനസംഖ്യ 45 ലക്ഷമായിരുന്നു. അന്നത്തെ ജനസംഖ്യക്ക് തുല്യമായ ഇന്ത്യക്കാർ ഇപ്പോൾ ഈ രാജ്യത്തുണ്ടെന്നും കോൺസൽ ജനറൽ പറഞ്ഞു.
ഇന്ത്യൻ പ്രവാസികളിൽ പകുതിയിലേറെപ്പേർ ദുബായിലാണ് താമസിക്കുന്നതെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു.ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധം തുടങ്ങി യത് ദുബായിലെ റാഷിദ് തുറമുഖത്തുവെച്ചായിരുന്നു. ഇന്ത്യയുടെ സാമ്പത്തികവളർച്ചയ്ക്ക് ഈ ബന്ധം നിർണായകമാണ്. ഇന്ത്യൻ നിക്ഷേപകരിൽ ഭൂരിഭാഗവും ദുബായിലാണുള്ളത്. തൊഴിൽമേഖലയിൽ ഇന്ത്യൻസാന്നിധ്യം എടുത്തുപറയേണ്ടതാണ്. മുൻനിരസ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരിൽ 60 ശതമാനത്തിലേറെപ്പേർ ഇന്ത്യക്കാരാണെന്നും സഞ്ജയ് സുധീർ പറഞ്ഞു.