ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്ഐടി) മേൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അനാവശ്യ സമ്മർദമു ണ്ടാകുന്നത് അവസാനിപ്പിക്കണമെന്നും ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങൾ സർക്കാരിന് ഏറ്റ തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2019ൽ നടന്ന സ്വർണക്കൊള്ളയെക്കുറിച്ച് കൃത്യമായ വിവരമുണ്ടായിട്ടും 475 ഗ്രാം സ്വർണം തിരിമറി നടത്തിയെന്ന് അറിയാവുന്ന ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്നെ വീണ്ടും ശിൽപങ്ങൾ സ്വർണം പൂശാൻ നൽകിയത് ഗൗരവകരമായ കുറ്റമാണ്. ഇതിനായി 2024ലും 2025ലും കൃത്രിമമായ അർധ അടിയന്തര സാഹചര്യം സൃഷ്ടിച്ചാണ് ശിൽപങ്ങൾ പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയത്. മണ്ഡല കാലത്തിന് മുമ്പ് അറ്റകുറ്റപ്പണി തീർക്കാൻ സമയം ഉണ്ടായിരുന്നിട്ടും ശിൽപങ്ങൾ പുറത്തേക്ക് വിട്ടു നൽകിയതിൽ മന്ത്രി വാസവനും മുൻ ദേവസ്വം പ്രസിഡൻ്റ് പ്രശാന്തിനും വ്യക്തമായ ഉത്തരവാദിത്വ മുണ്ടെന്ന് സതീശൻ ആരോപിച്ചു. നവംബർ അഞ്ചിലെ കോടതി വിധിയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്നും സർക്കാർ നടപടികൾ കോടതി വിധിയുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നതർക്ക് പങ്ക്
സ്വർണക്കടത്ത് കേസിലെ പ്രതികളായ മൂന്ന് സിപിഎം നേതാക്കൾ ജയിലിലാണെന്നും അവർക്കെതിരെ നടപടിയെടുക്കാൻ പാർട്ടിക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത നേതാക്കളുടെ പേരുകൾ വെളി പ്പെടുമെന്ന ഭയമാണ് ഇതിന് പിന്നിൽ. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് തടയാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുന്നുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമായ പങ്കുണ്ട്. ദേവസ്വം ബോർഡിൻ്റെ പ്രധാന തീരുമാനങ്ങളെല്ലാം മന്ത്രിയുമായി ആലോചിച്ചാണ് എടുക്കാറുള്ളതെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചതുമായി ബന്ധപ്പെട്ട് എസ്ഐടിയുടെ കൈവശം തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടകംപള്ളി സുരേന്ദ്രനും സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നതിന് എസ്ഐടിയുടെ കൈവശം തെളിവുകളുണ്ട്. തനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കോടതി ആവശ്യപ്പെടുമ്പോൾ ഈ തെളിവുകൾ ഹാജരാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി സംരക്ഷിക്കുന്നു
ഭക്തൻ എന്ന നിലയിലുള്ള ബന്ധം മാത്രമേ ഉള്ളൂ എന്ന കടകംപള്ളി സുരേന്ദ്രൻ്റെ വിശദീകരണം തള്ളിയ സതീശൻ അദ്ദേഹത്തിനെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നും വ്യക്തമാക്കി. പ്രതിപ്പട്ടികയിലുള്ള വ്യക്തിക്കൊപ്പം മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും ഫോട്ടോ എടുത്തതുകൊണ്ട് മാത്രം അവരെ പ്രതിയാ ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. ഒരാൾ കൊള്ളക്കേസിൽ പ്രതിയായാൽ അയാളുടെ ജീവിത കാലത്ത് കൂടെ നിന്ന് ഫോട്ടോ എടുത്തവരെയെല്ലാം പ്രതിയാക്കണമെന്ന് പറയാൻ തങ്ങൾ മണ്ടന്മാരല്ല. മുഖ്യമന്ത്രി സ്വർണക്കൊള്ളയിൽ നേരിട്ട് പങ്കാളിയാണെന്ന് പ്രതിപക്ഷം കരുതുന്നില്ലെന്നും എന്നാൽ കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അതാണ് തങ്ങളുടെ എതിർപ്പിന് കാരണമെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭയിലെ പ്രതിഷേധം
നിയമസഭയിൽ സോണിയ ഗാന്ധിക്കെതിരെ ആരോപണമുന്നയിച്ച മന്ത്രിമാരായ വി ശിവൻകുട്ടിയും എം ബി രാജേഷും സമനില തെറ്റിയവരെപ്പോലെയാണ് പെരുമാറുന്നതെന്ന് സതീശൻ വിമർശിച്ചു. പ്രതിപ ക്ഷം സഭയിൽ അതിക്രമങ്ങൾ കാട്ടിയിട്ടില്ലെന്നും പണ്ട് ഡെസ്കിന് മുകളിൽ കയറി നിയമസഭ തല്ലി പ്പൊളിച്ച ചരിത്രമുള്ള ശിവൻകുട്ടി ജനാധിപത്യം പഠിപ്പിക്കേണ്ടെന്നും സതീശൻ പറഞ്ഞു. അന്ന് മുണ്ട് മടക്കിക്കുത്തി ഡെസ്കിന് മുകളിൽ കയറി അതിക്രമം കാണിച്ച വി ശിവൻകുട്ടിയുടെ ക്ലാസ് തങ്ങൾക്ക് ആവശ്യമില്ല. ഭരണപക്ഷ അംഗങ്ങൾ ഇന്ന് സഭയ്ക്ക് പുറത്ത് നടത്തിയ പ്രതിഷേധം വരാനിരിക്കുന്ന അഞ്ച് വർഷം അവർ പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങളുടെ ഒരു റിഹേഴ്സൽ മാത്രമാണ്. പ്രതിപക്ഷം എന്ന നിലയിൽ സഭയിൽ എങ്ങനെയാണ് ഇടപെടേണ്ടതെന്ന് തങ്ങൾക്ക് കൃത്യമായി അറിയാമെന്നും ശിവൻകുട്ടിയുടെ ഉപദേശം ഇക്കാര്യത്തിൽ ആവശ്യമില്ലെന്നും സതീശൻ വ്യക്തമാക്കി.
കോടതി നിരീക്ഷണം
വിഷയം നിയമസഭയിൽ ഇതിനോടകം പലതവണ ചർച്ച ചെയ്തതാണെന്നും ഇനി പുതിയൊരു ചർച്ചയുടെ ആവശ്യമില്ലെന്നും പറഞ്ഞ അദ്ദേഹം മന്ത്രിയുടെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് ഊന്നിപ്പറഞ്ഞു. നേരത്തെ നോട്ടിസ് നൽകിയപ്പോൾ കേസ് നടക്കുകയാണെന്ന കാരണത്താൽ ചർച്ച അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഷയം ഉന്നയിച്ചപ്പോൾ അനുമതി നിഷേധിച്ചത് സർക്കാരിൻ്റെ ഭയം മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു.
സ്വർണക്കൊള്ളക്കേസിൽ കുറ്റാരോപിതർക്കെതിരെ കോടതിയുടെ ഭാഗത്തുനിന്നും കടുത്ത പരാമർശ ങ്ങളാണ് ഉണ്ടാകുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. സ്വർണം മോഷ്ടിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും തെളിവുകൾ പരിശോധിച്ച കോടതി പ്രതികൾക്ക് ജാമ്യം പോലും അനുവദിക്കുന്നി ല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കേസിൽ ഉത്തരവാദികളായ കൂടുതൽ ആളുകൾ ഇനിയും പുറത്തുനിൽക്കുന്നുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. ദേവസ്വം മന്ത്രി വി എൻ വാസവൻ ഉടൻ രാജിവയ്ക്കണമെന്നും അന്വേഷണ സംഘത്തിന് മേൽ മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തുന്ന സമ്മർദം അവസാനിപ്പിക്കണമെന്നുമാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ആവശ്യം. സ്വർണ ക്കൊള്ള വിഷയത്തിൽ പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും ശക്തമായ സമരത്തിലാണെന്നും അതിനാൽ തന്നെ സഭയിൽ വെറുമൊരു ചർച്ചയ്ക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്ത മാക്കി. വിഷയത്തിൽ സിപിഎമ്മിൻ്റെയും കടകംപള്ളി സുരേന്ദ്രൻ്റെയും വാദങ്ങൾ തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു സതീശൻ്റെ മറുപടി. പ്രതിപക്ഷത്തിൻ്റെ അവകാശങ്ങളെ തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ലഘൂകരിക്കാനുള്ള നീക്കത്തിന് വഴങ്ങില്ല
നിയമസഭയിൽ ചർച്ച നടത്തി സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ ഗൗരവം കുറയ്ക്കാമെന്ന് സർക്കാർ കരുതേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം ചർച്ച ചെയ്ത് ലഘൂകരിക്കാനുള്ള സിപിഎമ്മിൻ്റെ നീക്കത്തിന് പ്രതിപക്ഷം വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ്. ഇത് കേരളം മാത്രമല്ല ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഗൗരവകരമായ വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സാധാരണ അടിയന്തര പ്രമേയങ്ങൾ നൽകി സഭയിൽ ചർച്ച ചെയ്ത് കാര്യങ്ങൾ ലഘൂകരിച്ചു കളയാമെന്ന ആഗ്രഹം ഭരണപക്ഷത്തിനുണ്ടാകാം. എന്നാൽ അത്തരമൊരു ചർച്ചയ്ക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും ആരോപണങ്ങളിൽ വ്യക്തമായ നടപടിയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
