റിയാദ്: കനത്ത മഴയെ തുടർന്ന് റിയാദിലും അൽഖർജ്, ശഖ് റാ എന്നിവിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും മന്ത്രാലയം അവധി പ്രഖ്യാപിച്ചു. ഇന്നലെയും അവധിയായിരുന്നു. ക്ലാസുകൾ ഓൺലൈനിലായിരിക്കും. നടക്കുക

നാളെ ഉച്ചവരെ റിയാദിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കു ന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ജിദ്ദയിലും മക്കയിലും ഇന്നും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അൽജമൂം, അൽകാമിൽ, ബഹറ, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലാണ് സ്കൂളുകൾക്ക് അവധി നൽകിയത്.
ഇവിടെയും ക്ലാസുകൾ ഓൺലൈനിൽ നടക്കും. അൽഖസീം, ഉനൈസ, അൽറസ്, മിദ്നബ്, ബുകൈരിയ, അൽഗാത്ത്, സുൽഫി, ഖുവൈഇയ, ഹഫർ അൽബാത്തിൻ എന്നിവിടങ്ങളിലും ഇന്ന്, സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
അതിനിടെ, ഖുൻഫുദക്ക് വടക്ക് അൽമുദൈലിഫിലെ മുകബ്ബബ് ഗ്രാമത്തിൽ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. ഇന്ന് വൈകീട്ടാണ് അപകടം. ബന്ധുക്കളായ അഞ്ചു കുട്ടികൾ വെള്ളക്കുഴിയിൽ കളിക്കുന്നതിനിടെ മൂന്നു പേർ മുങ്ങിമരിക്കുകയായിരുന്നു. രണ്ടു പേർ രക്ഷപ്പെട്ടു. ഒമ്പതു മുതൽ പന്ത്രണ്ടു വരെ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്. രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ പുറത്തെടുത്ത് ആശുപത്രിയിലേക്ക് നീക്കി.