ബഫര്‍ സോണില്‍ ആശ്വാസം; ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച വിധിയില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിയില്‍ വ്യക്തത തേടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കേരളം അടക്കം നല്‍കിയ അപേക്ഷകളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. 

ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കരട് വിജ്ഞാപനം ഇറങ്ങിയ പ്രദേശങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് ഇളവ് പരിഗണിക്കാമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടത്. തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. 

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിസുപ്രീം കോടതി കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥലലഭ്യത കുറവായതിനാല്‍ പരിസ്ഥിതിലോലമേഖല (ബഫര്‍ സോണ്‍) എന്ന പേരില്‍ കേരളത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കി.വയനാട്, ഇടുക്കി കുമളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ക്കിടയിലാണ് അരക്ഷിതാവസ്ഥ ഉണ്ടാക്കിയതെന്ന് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Read Previous

തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ ക്രിസ്മസ്-പുതുവത്സര ആഘോഷം, ജനുവരി 13ന് റിയാദില്‍, സിനിമാ പിന്നണി ഗായകരായ ശ്യാം ലാല്‍, ഹര്‍ഷാ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

Read Next

ഉറുമ്പിനെ കൊല്ലാന്‍ സര്‍ക്കാര്‍ ചുറ്റിക എടുക്കരുത്’; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വിലക്കിയ ഉത്തരവ് റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »