റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ ഡോ. സുഹൈൽ അജാസ് ഖാൻ യോഗ്യത പത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോ കോൾ ഓഫീസർ അബ്ദുൽ മജീദ് അൽസംരിക്ക് കൈമാറി. അടുത്ത ദിവസങ്ങളിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ സാന്നിധ്യത്തിൽ രേഖകൾ കൈമാറി അംബാസഡറായി ഔദ്യോഗിക ചുമതലയേൽക്കും.

ഞായറാഴ്ച രാത്രി റിയാദിലെത്തിയ അദ്ദേഹത്തെ റിയാദ് അന്താരാഷ്ട്ര വിമാനത്താവ ളത്തിൽ ഇന്ത്യൻ എംബസി ഡി.സി.എം എൻ. റാം പ്രസാദ് സ്വീകരിച്ചു. രാവിലെ ഇന്ത്യൻ എംബസിയിൽ പതാകയുയർത്തൽ ചടങ്ങിന് ശേഷം ഓഫീസിലെത്തി ചുമതലകൾ നിർവഹിച്ചുതുടങ്ങി.
നേരത്തെ ജിദ്ദയിൽ കോൺസൽ ജനറലായും റിയാദിൽ ഡി.സി.എം ആയും പ്രവർത്തിച്ചിരുന്ന ഡോ. സുഹൈൽ അജാസ് ഖാന്റെ സൗദി അറേബ്യയിലെ മൂന്നാം ഊഴമാണിത്. ലബനോൻ അംബാസഡറായിരുന്ന അദ്ദേഹത്തെ റിയാദിലേക്ക് നിയമിച്ചതോടെ കഴിഞ്ഞ 13 നാണ് അവിടെനിന്ന് ന്യൂദൽഹിയിലേക്ക് തിരിച്ചത്.
കഴിഞ്ഞ വർഷം മാർച്ചിൽ അംബാസഡർ ഡോ. ഔസാഫ് സഈദ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ കിഴക്കൻ മേഖല സെക്രട്ടറിയായി നിയമിതനായി ദൽഹിയിലേക്ക് പോയ ശേഷം പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഡി.സി.എം എൻ. രാം പ്രസാദിനായിരുന്നു പകരം ചുമതല.
ഇൻഡോർ മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ശേഷം 1997 ലാണ് ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നത്. രണ്ട് പെൺകുട്ടികളുണ്ട് റിഫ ജബീനാണ് ഭാര്യ.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ഡോ. സുഹൈൽ അജാസ് ഖാൻ 1997 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്. 2017 സെപ്റ്റംബർ മുതൽ 2019 ജൂൺ 19 വരെ റിയാദിൽ ഡി.സി.എം ആയിരുന്നു. പിന്നീടാണ് ലബനോനിലേക്ക് അംബാസഡറായി പോയത്.