ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: ഭൂചലനത്തെ തുടർന്ന് തകർന്ന തുർക്കി, സിറിയ രാജ്യങ്ങൾക്ക് ആശ്വാസവുമായി കുവൈത്ത്. ഇരു രാജ്യങ്ങളിലേക്കും അടിയന്തര സഹായം എത്തിക്കാൻ കുവൈത്ത് ഭരണനേതൃത്വം നിർദേശം നൽകി. അപകടസ്ഥലങ്ങളിൽ കഴിയുന്ന കുവൈത്ത് പൗരൻമാരെ തിരിച്ചെത്തിക്കാനും പ്രത്യേക ഇടപെടൽ നടത്തും.

തുർക്കിയയിലേക്ക് അടിയന്തര സഹായവും മെഡിക്കൽ ഉദ്യോഗസ്ഥരുമായി പ്രത്യേക വിമാനങ്ങൾ അയക്കാൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിർദേശിച്ചു. വിദേശകാര്യ മന്ത്രാലയം, ഫയർ ഡിപ്പാർട്മെന്റ്, കുവൈത്ത് റെഡ് ക്രസന്റ്, ആരോഗ്യമന്ത്രാലയം, കുവൈത്ത് ആർമി എന്നിവയിൽനിന്നുള്ള സംഘങ്ങൾ ഇതിൽ പങ്കാളികളാകും. തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം നൽകുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് അറിയിച്ചു. മറ്റു ചാരിറ്റി സംഘടനകളും സഹായവുമായി രംഗത്തുണ്ട്.
ഇരു രാജ്യങ്ങളിലെയും സ്ഥിതിഗതികൾ കുവൈത്ത് വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചുവരുകയാണ്. രണ്ടിടത്തും അകപ്പെട്ട കുവൈത്ത് പൗരന്മാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം അയക്കും. തുർക്കിയയിൽ കഴിയുന്ന കുവൈത്തികളോട് ജാഗ്രത പാലിക്കാനും നിർദേശങ്ങൾ ശ്രദ്ധിക്കാനും തുർക്കിയയിലെ കുവൈത്ത് എംബസി അഭ്യർഥിച്ചു. ആവശ്യമെങ്കിൽ എംബസിയുമായോ ഇസ്തംബൂളിലെ കോൺസുലേറ്റ് ജനറലുമായോ ബന്ധപ്പെടാനും എംബസി അറിയിച്ചു. സിറിയയിലെ പ്രവർത്തനവും എംബസി വഴി ഏകോപിപ്പിച്ചുവരുകയാണ്.
അതേസമയം, കുവൈത്തിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് സെന്റര്‍ അറിയിച്ചു. തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കുവൈത്തിലും ഭൂചലനമുണ്ടായെന്ന വാര്‍ത്തയെ തുടര്‍ന്നാണ് അധികൃതരുടെ വിശദീകരണം. ഭൂകമ്പങ്ങൾ നിരീക്ഷിക്കുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങൾ രാജ്യത്ത് നിലവിലുണ്ടെന്ന് സയന്റിഫിക് റിസർച് സെന്റര്‍ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ അൻസി പറഞ്ഞു.
