മസ്കത്ത്: നാലാമത് ‘സിനിമാന’ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ആയിഷക്ക് അംഗീകാരം. മത്സരവിഭാഗത്തിൽ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് എം. ജയചന്ദ്രൻ പുരസ്കാരത്തിന് അർഹനായി. അറബ് -ഇന്ത്യൻ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപ്പിച്ച പശ്ചാത്തല സംഗീതമാണു ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഇന്തോ-അറബിക് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിനു അറബ് ഫെസ്റ്റിവലിൽ ലഭിക്കുന്ന അംഗീകാരം എന്ന പ്രത്യേകത കൂടി ഈ അവാർഡിനുണ്ട്. മുസന്ദത്ത് നടന്ന മേളയുട സമാപന ചടങ്ങിൽ ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദി അവാർഡ് സമ്മാനിച്ചു. മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി നിലമ്പൂർ ആയിഷയുടെ സൗദി ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ആമിർ പള്ളിക്കലാണ്.
തിരക്കഥ ആഷിഫ് കക്കോടി. സക്കറിയ നിർമിച്ച ചിത്രത്തിന്റെ സഹ നിർമാണം എം.ടി. ശസുദ്ധീൻ, ഹാരിസ് ദേശം, പി.ബി. അനീഷ്, സക്കരിയ്യ വാവാട്, ബിനീഷ് ചന്ദ്രൻ എന്നിവരാണ്. ജനുവരി 20നു തിയറ്റുറുകളിൽ എത്തിയ ചിത്രത്തിനു മികച്ച പ്രേക്ഷക പ്രതികരണമാണു ലഭിച്ചത്.
‘സിനിമാന’യുടെ നാലാമത് പതിപ്പ് ഇത്തവണ മസ്‌കത്ത്, മുസന്ദം ഗവർണറേറ്റുകളിലായിരുന്നു നടന്നത്. ഒമാൻ, സിറിയ, ടുണീഷ്യ, സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഇറാൻ, ബഹ്‌റൈൻ, സെർബിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള 120ലധികം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.