
അബുദാബി: രാജ്യാന്തര ബഹിരാകാശ നിലയത്തിനുള്ളിൽ നിന്ന് എടുത്ത തന്‍റെ ആദ്യ സെൽഫികളുമായി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. ഭൂമിയുടെ അതിമനോഹരമായ കാഴ്ചകൾ ദൃശ്യമായ സ്റ്റേഷനിലെ നിരീക്ഷണ കേന്ദ്രമായ കപ്പോളയ്ക്ക് മുന്നിൽ നിന്നെടുത്തതാണു ചിത്രങ്ങൾ.
“ബഹിരാകാശത്ത് നിന്നു ഞാൻ ഭൂമിയെ അഭിവാദ്യം ചെയ്യുന്നു. ഞങ്ങളുടെ മാതൃരാജ്യത്തെയും അതിന്റെ നേതാക്കളെയും ഞാൻ അഭിവാദ്യം ചെയ്യുന്നു” എന്നു ചിത്രങ്ങൾ സഹിതം അദ്ദേഹം ഇന്നു ട്വീറ്റ് ചെയ്തു. “സായിദിന്റെ അഭിലാഷം ഹൃദയത്തിൽ കൊണ്ടുനടക്കുകയും ആകാശത്തേയ്ക്ക് ഉയരത്തിൽ ലക്ഷ്യമിടുകയും ചെയ്ത എല്ലാവരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. സ്വപ്നം സാക്ഷാത്കരിച്ചു, ഇപ്പോൾ ഞങ്ങൾ കൂടുതൽ വലിയ സ്വപ്നം കാണുന്നു” ഡോ. അൽ നെയാദി തന്റെ മൂന്നു സഹപ്രവർത്തകരോടൊപ്പം ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ സ്റ്റേഷനിലേയ്ക്ക് യാത്ര ചെയ്തു. 41 കാരനായ അൽ നെയാദി ആറ് മാസത്തെ ബഹിരാകാശ മിഷനുവേണ്ടി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ബഹിരാകാശ നിലയത്തിലെത്തിയത്.
എക്‌സ്‌പെഡിഷൻ 68/69-ന്റെ ഭാഗമായ അദ്ദേഹം നാസ നിയോഗിച്ച 200 ലേറെ പരീക്ഷണങ്ങളിലും വിവിധ യുഎഇ സർവകലാശാലകൾ നൽകിയ 19 പരീക്ഷണങ്ങളിലും പങ്കെടുക്കും. ഐഎസ്‌എസിലെ ഒരു ഫ്ലൈറ്റ് എൻജിനീയർ എന്ന നിലയിൽ ഡോ അൽ നെയാദി സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നിർവഹിക്കും. കൂടാതെ ഒരു അറബ് ബഹിരാകാശയാത്രികന്റെ ആദ്യത്തെ ബഹിരാകാശ നടത്തവും സാധ്യമാക്കും.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദുമായി ചൊവ്വാഴ്ച തത്സമയ വിഡിയോ ചാറ്റിൽ അദ്ദേഹം സംസാരിച്ചു. താങ്കളുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയതിൽ ഞങ്ങൾ നന്ദിയുള്ളവരാണെന്നും താങ്കളുടെ സുരക്ഷയ്ക്ക് ദൈവത്തിന് നന്ദി പറയുന്നു എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
യുഎഇയിലെയും അറബ് ലോകത്തെയും യുവാക്കൾ താങ്കളെ ഒരു മാതൃകയായി കാണുന്നുവെന്ന് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഒപ്പം നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. ഇതിന് നന്ദി, യുവർ ഹൈനസ് എന്നായിരുന്നു ഡോ അൽ നെയാദിയുടെ മറുപടി. ലോകത്ത് പലയിടത്തായുള്ള അഞ്ചു വർഷത്തെ കഠിന പരിശീലനത്തിന് ശേഷമാണ് ഡോ. അൽ നെയാദിയുടെ ബഹിരാകാശ യാത്ര. 2018-ൽ യുഎഇ തിരഞ്ഞെടുത്ത ആദ്യത്തെ രണ്ട് ബഹിരാകാശ സഞ്ചാരികളിൽ ഒരാളായിരുന്നു അദ്ദേഹം.
അടുത്ത വർഷം ബഹിരാകാശത്തെ ആദ്യത്തെ എമിറാത്തിയായി അൽ മൻസൂരി മാറി. ഡോ അൽ നെയാദി റഷ്യയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും കാനഡയിലും പരിശീലനം നേടി. കൂടാതെ ഹൂസ്റ്റണിൽ നാസയുടെ അടിസ്ഥാന പരിശീലന പരിപാടി പൂർത്തിയാക്കി. ഈ യാത്രയ്ക്കായി അദ്ദേഹം നിർദ്ദിഷ്ട പരിശീലനവും നടത്തി. റഷ്യൻ ഭാഷ സംസാരിക്കാനും പഠിച്ചു. മൈക്രോഗ്രാവിറ്റിയുടെ ഫലങ്ങളെക്കുറിച്ച് തന്റെ ശരീരത്തെ പരിചയപ്പെടുത്താൻ ബഹിരാകാശ സിമുലേറ്ററുകളിൽ ദിവസവും മണിക്കൂറുകൾ ചെലവഴിച്ചു. സൂപ്പർസോണിക് ജെറ്റുകൾ പറത്താൻ പരിശീലിച്ച ശേഷം ബഹിരാകാശ നടത്ത പരിശീലനവും പൂർത്തിയാക്കി.