ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി. സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ അംഗീകരിച്ചു. എന്‍സിപിയുടെ പിന്തുണ കൂടി ആയതോടെ, നാഗാലന്‍ഡില്‍ ബിജെപി സഖ്യ സര്‍ക്കാരിന് പ്രതിപക്ഷമില്ലാതെയായി.

നാഗാലന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് ഏഴ് സീറ്റാണുള്ളത്. എന്‍ഡിപിപിക്ക് 25. ബിജെപിക്ക് 12 സീറ്റുണ്ട്. എന്‍ഡിപിപിയുടെ നെഫ്യു റിയോ അഞ്ചാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് എന്‍സിപി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ ബിജെപി വിരുദ്ധ സഖ്യത്തിന് ശ്രമിക്കുന്നതിനിടെയാണ്, എന്‍സിപിയുടെ നടപടി എന്നതും ശ്രദ്ധേയമാണ്.
എന്‍ഡിപിപിക്കും ബിജെപിക്കും പുറമേ, ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയാണ് എന്‍സിപി. പ്രതിപക്ഷ നേതൃസ്ഥാനം എന്‍സിപിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമാകാനാണ് താത്പര്യമെന്ന് എന്‍സിപി എംഎല്‍എമാര്‍ കേന്ദ്രനേൃത്വത്തിനോട് വ്യക്തമാക്കുകയായിരുന്നു.
‘എന്‍ഡിപിപി മേധാവി റിയോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാഗമാകാന്‍ പ്രാദേശിക നേതൃത്വവും എംഎല്‍എമാരും താത്പര്യം പ്രകടിപ്പിച്ചു. റിയോയുമായുള്ള നല്ല ബന്ധത്തിന്റെയും നാഗാലാന്‍ഡ് സംസ്ഥാനത്തിന്റെ വലിയ താത്പര്യവും മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം എടുതത്’-എന്‍സിപി നോര്‍ത്ത് ഈസ്റ്റ് ചുമതലക്കാരന് നരേന്ദ്ര വെര്‍മ പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്‍സിപിക്ക് പുറമേ, എന്‍പിപി, എന്‍പിഎഫ്, ലോക് ജനശക്തി പാര്‍ട്ടി, എല്‍ജെപി, ആര്‍പിഐ, ജനതാദള്‍ (യു) എന്നീ പാര്‍ട്ടികളും സ്വതന്ത്ര അംഗങ്ങളും എന്‍ഡിപിപി-ബിജെപി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2021ലും സമാനമായ സാഹചര്യത്തിലാണ് റിയോ ഭരിച്ചത്.
മന്ത്രിസഭയില്‍ എന്‍ഡിപിപിക്ക് ഏഴും ബിജെപിക്ക് അഞ്ചും അംഗങ്ങളാണുള്ളത്. എന്‍സിപി അടക്കമുള്ള കക്ഷികളില്‍ നിന്ന് മന്ത്രിമാരുണ്ടാകുമോ എന്ന കാര്യത്തില്‍ എന്‍ഡിപിപിയും ബിജെപിയും പ്രതികരിച്ചിട്ടില്ല.