
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പടെ ആധിപത്യം സ്ഥാപിയ്ക്കാനായതോടെ ബി ജെ പിയുടെ അടുത്ത ലക്ഷ്യം കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. ദക്ഷിണേന്ത്യയിലും ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങൾക്കും മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമിടാനാണ് പാർട്ടിയുടെ തീരുമാനം. കേരളത്തിൽ പാർട്ടി അടിത്തറ ഉറപ്പിക്കാൻ കേന്ദ്രസർക്കാർ വമ്പൻപദ്ധതികൾ പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്ട്. ഇതിലൂടെ ന്യൂനപക്ഷങ്ങൾ ഉൾപ്പടെയുള്ള കൂടുതൽ പേരെ പാർട്ടിയിലേക്ക് ആകർഷിയ്ക്കാൻ കഴിയും എന്നാണ് കണക്കുകൂട്ടൽ. രാജ്യത്തെ 60 ന്യൂനപക്ഷമണ്ഡലങ്ങൾ കണ്ടെത്തി പ്രത്യേക പ്രചാരണപരിപാടികൾ ആവിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി. നഡ്ഡയുടെ അദ്ധ്യക്ഷതയിൽചേർന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം. സുനിൽ ബൻസാൽ, വിനോദ് താവ്‌ഡെ, തരുൺ ചുഗ് എന്നിവരടങ്ങുന്ന സമിതിയായിരിക്കും തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനും അവയുടെ ഉദ്ഘാടനത്തിനുമായി ഈ വർഷം അവസാനത്തോടെ രാജ്യവ്യാപകമായി 100 റാലികൾ സംഘടിപ്പിക്കും. ഇതിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലെ 160 മണ്ഡലങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകും. സ്വാധീനംകുറഞ്ഞ സംസ്ഥാനങ്ങളിൽ കൂടുതൽ നേതാക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കും. ഇതിനായുള്ള പദ്ധതികൾ ഇപ്പോൾ തന്നെ അണിയറയിൽ ഒരുങ്ങിയിട്ടുണ്ട്.
പ്രതിപക്ഷ മുക്തഭാരതം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ബി ജെ പിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ സീറ്റുകൾ നേടേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും ബാലികേറാമലയായി കണക്കാക്കുന്ന കേരളത്തിൽ . അതിനായി കേരളത്തിനായി വ്യത്യസ്ത പ്രചാരണതന്ത്രം ആവിഷ്കരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.