പ്രവാസികൾക്ക് എന്നും പുതുമകൾ സമ്മാനിക്കുന്നതോടൊപ്പം, റിയാദിന്റെ മണ്ണിൽ പുത്തൻ ആശയങ്ങൾക്ക് എന്നും വിത്ത് പാകിയിട്ടുള്ള കേളി കലാസാംസ്കാരിക വേദി ആദ്യമായി ,ജി സി സി രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകളെ അണിനിരത്തി അറേബ്യൻ വടംവലി മത്സരം മെയ് 1 9 വെള്ളിയാഴ്ച അൽഹയ്ർ അൽ ഒവൈദ ഫാം ഹൗസിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുമെന്ന് കേളി ഭാരവാഹികള്‍ റിയാദിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു

വസന്തം 2023 ന്റെ സമാപനത്തോടനുബന്ധിച്ച് പൊതുജങ്ങൾക്കായി കേളി ഒരുക്കുന്ന കായിക വിരുന്നാണ് അറേബ്യൻ വടംവലി. RVCC (റിയാദ് വില്ലാസ്) മുഖ്യ പ്രായോജക രാകുന്ന പരിപാടിയിൽ യു.എ. ഇ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾക്ക് പുറമെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും നിരവധി ടീമുകൾ പങ്കെടുക്കുന്നു.
റിയാദ് ഇന്ത്യൻ വടംവലി അസോസിയേഷന്റെ (റിവ) റഫറി പാനലാണ് മത്സരം നിയന്ത്രിക്കുന്നത്. സ്പോര്‍ട്ടിംഗ് എഫ്സി – റിയാദ്, ടീം റിബെല്‍സ് – റിയാദ്, കേളി മലാസ് ഏരിയ ടീം, മോഡേണ്‍ കനിവ് – റിയാദ്, ഡെക്കാന്‍ കെ.എസ്.വി – റിയാദ്, ദുബൈ കടപ്പുറം തകസുസ്സി – റിയാദ്, ആഹാ സെവൻസ് കല്ലൂസ് – ദമ്മാം, ആഹാ കുവൈത്ത് ബ്രദര്‍ (AKB)– കുവൈത്ത്, സാക് (SAK)ഖത്തര്‍, ടീം യു.എ. ഇ എന്നീ ടീമുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്ട്രേഷൻ സമയം മെയ് 17ന് വൈകുന്നേരം 3 മണി വരെയാണ് നൽകിയിട്ടുള്ളത്. രജിസ്റ്റർ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സുരേഷ് കണ്ണപുരം (+966 50 287 8719), ഷറഫ് പന്നിക്കോട് (+966 50 293 1006), ഹസ്സൻ പുന്നയൂർ (+966 50 526 4025) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
ട്രോഫികൾക്ക് പുറമെ ഇതുവരെ റിയാദിൽ നൽകിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. ക്വാട്ടർ ഫൈനലിൽ പ്രവേശിക്കു ന്നത് മുതൽ ടീമുകൾക്ക് സമ്മാനങ്ങളും പ്രൈസ് മണികളും നല്‍കുന്നുണ്ട്. കേളി ബദിയ ഏരിയ കമ്മിറ്റിയാണ് റണ്ണറപ്പിനുള്ള പ്രൈസ് മണി സ്പോൺസർ ചെയ്തിരിക്കു ന്നത്. 530 കിലോ വിഭാഗത്തിൽ 7 ആളുകളെവരെ ഉൾപ്പെടുത്തിയാണ് മത്സരം. ഓരോ മത്സരത്തിന് മുൻപും തൂക്കം തിട്ടപെടുത്തുന്നതാണ്.
‘വസന്തം 2023’ എന്ന പേരില്‍ കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും വ്യത്യസ്തങ്ങളായ കലാ പരിപാടികൾ കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി നടന്നു വരുന്നതായി സംഘാടകര്‍ പറഞ്ഞു
വസന്തം 2023 ന്റെ ഭാഗമായ കായിക ഇനങ്ങളാണ് മേയ് 19 ന് നടക്കുന്നത്. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന കായിക പരിപാടികളിൽ ഷൂട്ട്ഔട്ട്, കുട്ടികൾക്കായി ലെമൺ ഗാതറിങ്, മിട്ടായി പെറുക്കൽ, തവള ചാട്ടം, മുതിർന്നവർക്കായി ചാക്കിലോട്ടം, വട്ടം കറക്കി ഓട്ടം, തലയിണയടി, സ്ത്രീകൾക്കായി ഗ്ലാസ് അറേഞ്ചിംഗ്, ഉറിയടി കൂടാതെ കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന തരത്തിൽ കേളിയുടെ വിവിധ ഏരിയ കമ്മിറ്റികളുടെയും കേളി കുടുംബവേദിയുടെയും പ്രവർത്തകർ അണിനിരക്കുന്ന സാംസ്കരിക ഘോഷയാത്രയും അരങ്ങേറും.
കഴിഞ്ഞ വർഷം ‘വസന്തം 2022ന്റെ” ഭാഗമായി റിയാദ് ഇന്ത്യൻ വടംവലി അസോസിയേ ഷനുമായി സഹകരിച്ച് റിയാദിലെ ടീമുകളെ മാത്രം ഉൾകൊള്ളിച്ചു കൊണ്ട് RVCC റിയാദ് വില്ലാസ് തന്നെ പ്രയോജകരായി നടത്തിയ വടംവലി മൽസരം റിയാദിലെ ടീമുകൾക്ക് ആവേശകരമാക്കി മാറ്റാനും റിയാദിലെ വടംവലി മത്സരത്തിനെ കൂടുതൽ ജനകീയമാക്കാനും കഴിഞ്ഞിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തിൽ സാലു (ഓപ്പറേഷൻ മാനേജർ) (RVCC റിയാദ് വില്ലാസ്), കെ.പി.എം. സാദിഖ് (കേളി രക്ഷാധികാരി സമിതി സെക്രട്ടറി), ജോസഫ് ഷാജി (കേളി ട്രഷറര്‍) ടി.ആർ സുബ്രഹ്മണ്യൻ (വസന്തം 2023 സംഘാടക സമിതി ചെയര്മാന്), സെബിൻ ഇഖ്ബാൽ (കേളി പ്രസിഡന്റ് ) സുരേഷ് കണ്ണപുരം (കേളി സെക്രട്ടറി), ഷാജി റസാഖ് (വസന്തം 2023 സംഘാടക സമിതി കണ്‍വീനര്‍). എന്നിവര്‍ പങ്കെടുത്തു .