മദീന: ഇത്തവണത്തെ ഹജ്ജ് സീസണ്‍ ആരംഭിച്ച ശേഷം ഇതുവ വരെ പ്രവാചക നഗരിയെന്ന് വിളിക്കപ്പെടുന്ന മദീനയില്‍എത്തിയത് 5,31,243 ഹാജിമാര്‍. മദീനയിലെ തീര്‍ഥാടകരുടെ വരവും പോക്കും നിരീക്ഷിക്കുന്ന ഹജ്ജ് ആന്‍ഡ് വിസിറ്റ് കമ്മിറ്റിയുടെ ഏറ്റവും പുതിയ കണക്കാണിത്. തിങ്കളാഴ്ച അര്‍ധ രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം മദീന സിയാറത്ത് പൂര്‍ത്തിയാക്കി 3,78,698 തീര്‍ഥാടകര്‍ മക്കയിലേക്ക് ഹജ്ജ് കര്‍മങ്ങള്‍ക്കായി തിരിച്ചു. നിലവില്‍ മദീനയില്‍ 1,52,500 ഹാജിമാരാണുള്ളത്. തിങ്കളാഴ്ച വരെ 21,891 ഹാജിമാര്‍ മദീനയില്‍ ആരോഗ്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി യതായും ഹജ്ജ് ആന്‍ഡ് വിസിറ്റ് കമ്മിറ്റി അറിയിച്ചു.

വിദേശ തീര്‍ഥാടകരുടെ ഹജ്ജ് യാത്ര കൂടുതല്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി അധികൃതര്‍ നടപ്പിലാക്കി വരുന്ന മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തി ഇന്നലെ വരെ ഒന്നര ലക്ഷത്തിലേറെ ഹാജിമാര്‍ പുണ്യഭൂമിയിലെത്തിയതായി അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകരുടെ രാജ്യത്തേക്കുള്ള മുഴുവന്‍ പ്രവേശന നടപടിക്രമങ്ങളും സ്വദേശങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടു കൂടിയ ഈ പദ്ധതി മൊറോക്കൊ, മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിലാണ് ഈ വര്‍ഷം നടപ്പാക്കുന്നത്.
ഇതില്‍ തുര്‍ക്കിയും ഐവറി കോസ്റ്റും ഇക്കൊല്ലം ആദ്യമായാണ് പദ്ധതിയില്‍ ചേര്‍ന്നത്. ഈ രാജ്യങ്ങളില്‍ നിന്ന് 415 വിമാന സര്‍വീസുകളിലായി ആകെ 1,51,533 തീര്‍ഥാടകരാണ് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തി ജിദ്ദ, മദീന വിമാനത്താവ ളങ്ങളില്‍ ഇതുവരെ എത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
തീര്‍ഥാടകരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കല്‍, ഇ-വിസ അനുവദിക്കല്‍, ആരോഗ്യ നിബന്ധനകള്‍ ഉള്‍പ്പെടെ പരിശോധിച്ച് ജവാസാത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കല്‍, സൗദി വിമാനത്താവളത്തിലെത്തിയാല്‍ ലഗേജുകള്‍ തരംതിരിച്ച് കോഡിംഗ് നടത്തല്‍ എന്നിവ അടക്കം ഹജ്ജ് തീര്‍ഥാടകരുടെ മുഴുവന്‍ യാത്രാ നടപടിക്രമങ്ങളും സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി സ്വദേശങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ മക്ക റൂട്ട് പദ്ധതിയിലൂടെ സാധിക്കും.
ഇതിന്റെ പ്രയോജനം ലഭിക്കുന്നവര്‍ക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ വിമാനമിറങ്ങിയാലുടന്‍ മറ്റു നടപടിക്രമങ്ങള്‍ക്കൊന്നും കാത്തുനില്‍ക്കാതെ നേരെ ബസുകളില്‍ കയറി താമസസ്ഥലങ്ങളിലേക്ക് പോകാം. ലഗേജുകള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ താമസസ്ഥലങ്ങളില്‍ എത്തിച്ചു നല്‍കും.
അതിനിടെ, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് അഥവാ ജവാസാത്ത് മക്ക റൂട്ട് ഇനിഷ്യേറ്റീവിന്റെ ഗുണഭോക്താക്ക ള്‍ക്കായി ഒരു പ്രത്യേക സ്റ്റാമ്പ് അവതരിപ്പിച്ചു. മക്ക റൂട്ട് പദ്ധതി ഗുണഭോക്താക്കളുടെ പാസ്പോര്‍ട്ടുകളില്‍ ജവാസാത്ത് ഡയറക്ടറേറ്റ് പ്രത്യേക സീല്‍ പതിക്കും. പദ്ധതിയുടെ വിഷ്വല്‍ ഐഡന്റിറ്റി അടങ്ങിയ സീലാണ് പതിക്കുന്നത്.
വിഷന്‍ 2030 പദ്ധതികളില്‍ ഒന്നായ പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും സഹകരിച്ച് ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന മക്ക റൂട്ട് പദ്ധതിയെ കൂടുതല്‍ തീര്‍ഥാടക സൗഹൃദമാക്കാനും വ്യാപി പ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണിത്.