ഡോഗ്ര ഭരണാധികാരിയുടെ സൈന്യം 1931-ൽ കൊലപ്പെടുത്തിയ 22 കശ്മീരികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നത് തടയാൻ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് പിഡിപി മേധാവി മെഹബൂബ മുഫ്തി ആരോപിച്ചു. നമ്മുടെ ചരിത്രത്തെ വളച്ചൊടിക്കാനോ നമ്മുടെ വീരന്മാരെ മറക്കാനോ ബിജെപിയെ അനുവദിക്കില്ലെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.

മെഹബൂബ തന്റെ വസതിയുടെ പ്രധാന ഗേറ്റ് പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി കാണിക്കുന്ന ഫോട്ടോകളും വീഡിയോകളും ട്വീറ്ററിൽ പോസ്റ്റ് ചെയ്തു. വിദ്വേഷവും ഭിന്നിപ്പും പരത്തുന്ന വീർ സർവർക്കർ, ശ്യാമ പ്രസാദ് മുഖർജി, ഗോവൽക്കർ, ഗോഡ്‌സെ എന്നിവരെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ജനാധിപത്യത്തിനായി ജീവൻ ബലിയർപ്പിച്ചവർ ജമ്മു കശ്മീരിൽ വേരുറപ്പിക്കുമെന്നും മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
“ഞങ്ങളുടെ ചരിത്രം വളച്ചൊടിക്കാനോ ഞങ്ങളുടെ നായകന്മാരെ മറക്കാനോ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല. രക്തസാക്ഷി ദിനത്തിൽ, സ്വേച്ഛാധിപതികൾക്കെതിരെ അവസാനം വരെ ധീരമായി പോരാടിയ അവരുടെ ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു,” എന്നും അവർ ട്വീറ്റിൽ കൂട്ടിച്ചേർത്തു.