മക്ക: ഇന്ത്യൻ ഹജ് കമ്മിറ്റിക്കു കീഴിലെത്തിയ തീർഥാടകർക്ക് മക്കയിലെ അവരുടെ താമസ സ്ഥലങ്ങളിൽ കഞ്ഞിയും അച്ചാറും അടങ്ങുന്ന ഭക്ഷണക്കിറ്റ് വിതരണം ചെയ്ത് മക്ക തനിമ വളണ്ടിയർ ടീം. ഹാജിമാർ മക്കയിൽ നിന്ന് തിരിച്ചു പോകുന്നതു വരെ കഞ്ഞി വിതരണം തുടരുമെന്ന് തനിമ ഭാരവാഹികൾ പറഞ്ഞു.

ഹജ് ദിനങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ ഹാജിമാർ ഭക്ഷണം സ്വയം പാകം ചെയ്യണം. ഇവർക്ക് ആശ്വാസമാവുകയാണ് കഞ്ഞി വിതരണം. ഹജിന് ശേഷം രോഗബാധിതരായവർക്ക് പ്രത്യേക ചുക്കു കാപ്പിയും വിതരണം ചെയ്യുന്നുണ്ട്. തനിമ വളണ്ടിയർ ക്യാമ്പിലാണ് നിത്യവും ജോലി കഴിഞ്ഞെത്തുന്ന തനിമ പ്രവർത്തകർ കഞ്ഞി പാചകം ചെയ്ത് പാക്കറ്റുകളിലാക്കുന്നത്. പലരും കുടുംബത്തെയും കൂട്ടിയാണ് സേവന പ്രവർത്തനങ്ങൾക്ക് എത്തുന്നത്.

ഇശാ നമസ്‌കാരത്തോടെ സ്വന്തം വാഹനങ്ങളിൽ ഹാജിമാരുടെ താമസ കേന്ദ്രങ്ങളി ലെത്തി കഞ്ഞി വിതരണം നടത്തുന്നു. മിനായിലും തനിമ പ്രവർത്തകർ കഞ്ഞി വിതരണം നടത്തിയിരുന്നു. മക്കയിലെ നൂറോളം പ്രവർത്തകരാണ് ഹാജിമാർ മക്കയി ലെത്തിത്തുടങ്ങിയത് മുതൽ കഞ്ഞി വിതരണം നടത്തുന്നത്. സത്താർ തളിക്കുളം, നാസർ വാഴക്കാട്, ബുഷൈർ, മെഹബൂബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.