ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഞങ്ങളെ നിങ്ങള്‍ എന്തുവേണമെങ്കിലും വിളിച്ചുകൊള്ളു, ഇന്ത്യ എന്ന ആശയത്തെ ഞങ്ങള്‍ മണിപ്പൂരില്‍ പുനര്‍നിര്‍മ്മിക്കും’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഞങ്ങളെ എന്തുവേണമെങ്കിലും വിളിക്കാം. ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരിനെ സുഖപ്പെടുത്താനും സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പാനും ഞങ്ങള്‍ സഹായിക്കും. എല്ലാ ജനങ്ങള്‍ക്കും ഞങ്ങള്‍ സ്‌നേഹവും സമാധാനവും തിരികെ നല്‍കും. ഇന്ത്യ എന്ന ആശയത്തെ ഞങ്ങള്‍ മണിപ്പൂരില്‍ പുനര്‍നിര്‍മ്മിക്കും’ രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തെ ഭീകരവാദ സംഘടനകളുമായി താരതമ്യപ്പെടുത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നാക്രമണം നടത്തിയത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയെല്ലാം ഇന്ത്യ എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യ എന്ന പേര് ഇതുപോലെ ഒന്നു മാത്രമാണെന്ന് മോദി പറഞ്ഞു. പ്രതിപക്ഷത്തിന് ദിശാബോധമില്ല. ഇത്തരത്തിലൊരു പ്രതിപക്ഷത്തെ രാജ്യം മുമ്പ് കണ്ടിട്ടില്ല. ഇന്ത്യ എന്ന പേരിട്ടുകൊണ്ട് രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കാനാകി ല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു പ്രതിപക്ഷത്തിനെതിരെ മോദിയുടെ കടന്നാക്രമണം. പരാജയപ്പെട്ടവരും പ്രതീക്ഷയറ്റവരുമാണ് പ്രതിപക്ഷം. നരേന്ദ്രമോദിയെ എതിര്‍ക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് അവര്‍ക്കുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു
മണിപ്പൂരിലെ കലാപവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിനെതിരെ മോദിയുടെ കടന്നാക്രമണം. 2024 ലെ പൊതു തെരഞ്ഞെടുപ്പിലും ജനങ്ങളുടെ പിന്തുണയോടെ ബിജെപി തന്നെ അധികാരത്തില്‍ വരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.