റിയാദ് : വാഴക്കാട് വാലില്ലാപ്പുഴ കാരുണ്യഭവൻ ബധിര സ്കൂളിലെ വിദ്യാർത്ഥികൾക്ക് തുണയായി കേളി കലാസാംസ്കാരിക വേദിയുടെ ഹൃദയപൂർവ്വം കേളി പദ്ധതി.
പ്രത്യേകം പരിഗണനയും പരിചരണവും ലഭിക്കേണ്ടവരെ ചേർത്തു നിർത്തി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരോടൊപ്പം ചേർന്ന് കേരളത്തിലുടനീളം ഒരു ലക്ഷം പൊതിച്ചോർ വിതരണം ചെയ്യുന്ന പദ്ധതിയാണ് ‘ഹൃദയപൂർവംകേളി’.

കഴിഞ്ഞ മുപ്പത്തിഞ്ച് വർഷത്തിലേറെയായി ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് കാരുണ്യഭവൻ ബധിര വിദ്യാലയം. ശ്രവണ വൈകല്യമുള്ളകുട്ടികളുടെ പഠനം, പഠനോപകരണങ്ങൾ, ഭക്ഷണം, യൂണിഫോം, താമസം തുടങ്ങീ എല്ലാ ചിലവുകളും സ്ഥാപനം തന്നെയാണ് വഹിക്കുന്നത്. നിലവിൽ 90 വിദ്യാർത്ഥികളും അവരെ പരിചരിക്കാനായി 30 സ്റ്റാഫുകളും സ്ഥാപനത്തിന്റെ ഭാഗമായുണ്ട്.
ഇവരുടെ 15 ദിവസത്തെ ഭക്ഷണം ഹൃദയപൂർവ്വം കേളി പദ്ധതിയിൽ ഉൾപ്പെടുത്തി നൽകും.പദ്ധതിയുടെ വിതരണോത്ഘാടനം സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി രാജഗോപാൽ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉത്ഘാടന ചടങ്ങിൽ അഡ്മിനിസ്‌ട്രേറ്റർ അഷറഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി കുഞ്ഞാൻ പി മുഹമ്മദ്, കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന ഷൗക്കത്ത് നിലമ്പൂർ എന്നിവർ ആശംസകൾ അർപ്പിച്ചു
സംസാരിച്ചു. ടി കെ ഉബൈദുള്ള, പി കെ അഹമദ് കുട്ടി , പനക്കൽ കുഞ്ഞുമുഹമ്മദ്, കേളി അംഗങ്ങളായിരുന്ന ബാബുരാജ് കണ്ണത്തുംപാറ, രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കാളികളായി. കേളി കേന്ദ്ര കമ്മറ്റി അംഗമായിരുന്ന വാസുദേവൻ സ്വാഗ തവും കേന്ദ്ര രക്ഷാധികാരി സമിതി അംഗമായിരുന്ന ഗോപിനാഥൻ വേങ്ങര നന്ദിയും പറഞ്ഞു