കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുത്ത് എംഎ യൂസഫലിയും | വിശുദ്ധ ചടങ്ങിലേക്ക് ക്ഷണിച്ചതിന് നന്ദി പ്രകാശിപ്പിച്ച് യൂസഫലി | ചടങ്ങുകള്‍ ആരംഭിച്ചത് പ്രഭാത നിസ്‌കാരം പൂര്‍ത്തിയായ ഉടന്‍ | നേതൃത്വം നല്‍കിയത് മക്ക ഉപ ഗവര്‍ണര്‍


  • മക്ക: ഈ വര്‍ഷത്തെ വിശുദ്ധ കഅ്ബാലയം കഴുകല്‍ ചടങ്ങില്‍ സംബന്ധിച്ച് മലയാളി വ്യവസായ പ്രമുഖനും ഇന്ത്യയിലെ എണ്ണപ്പെട്ട കോടീശ്വരനുമായ ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയും. സൗദി അധികൃതരുടെ പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹം ചടങ്ങില്‍ സംബന്ധിച്ചത്.

ലോകമുസ്‌ലിംകളുടെ നിസ്‌കാരത്തിന്റെ ഖിബ്‌ലയായ പരിശുദ്ധ മക്കയിലെ കഅ്ബാ ലയം കഴുകല്‍ കര്‍മത്തില്‍ പങ്കെടുക്കാനായത് വലിയ അനുഗ്രഹമാണെന്ന് യൂസഫലി പ്രതികരിച്ചു. വിശുദ്ധമായ ചടങ്ങിലേക്ക് ക്ഷണിച്ച സൗദി ഭരണാധികാരികള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

എല്ലാ വര്‍ഷവും ഹിജ്‌റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തില്‍ നടക്കുന്ന കഅ്ബ കഴുകല്‍ ചടങ്ങാണ് ഇന്ന് രാവിലെ പൂര്‍ത്തിയായത്. പ്രഭാത നിസ്‌കാരം കഴിഞ്ഞ ഉടന്‍ ആരംഭിച്ച ചടങ്ങ് ഏതാണ്ട് ഒമ്പത് മണിക്കാണ് പൂര്‍ത്തിയായത്.

സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഇരു ഹറം കാര്യാലയ മേധാവി ശെയ്ഖ് അബ്ദുര്‍റഹ്മാന്‍ അല്‍ സുദൈസ്, സൗദി കാബിനറ്റ് അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ സംബന്ധിച്ചു

കഅ്ബാലയത്തിന്റെ അകവും പുറവും കഴുകിയ ശേഷം മേല്‍ത്തരം ഊദ് എണ്ണയും റോസ് ഓയിലും ഉപയോഗിച്ച് സുഗന്ധം പൂശി. എല്ലാ വര്‍ഷവും ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമായ മുഹറം 15ാം തീയതിയാണ് കഅ്ബ കഴുകല്‍ ചടങ്ങ് നടത്താറുള്ളത്.

കഴുകുന്നതിന് മുന്നോടിയായി കഅബാലയത്തിന്റെ ആവരണമായ കിസ്‌വ പുലര്‍ച്ചെ ഉയര്‍ത്തിക്കെട്ടിയിരുന്നു. മുഹറം ഒന്നിനാണ് കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചത്. ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹജ്ജ് ഒമ്പതിനാണ് പുതിയ കിസ്‌വ അണിയിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നിന് നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശിക്കുക യായിരുന്നു.

നാല് വ്യത്യസ്ത വശങ്ങളും വാതില്‍ കര്‍ട്ടനും അടങ്ങുന്ന പുതിയ കിസ്‌വ. 850 കിലോ അസംസ്‌കൃത പട്ട്, 120 കിലോ സ്വര്‍ണ്ണ നൂലുകള്‍, 100 വെള്ളി നൂലുകള്‍ എന്നിവ ഉപയോ ഗിച്ചാണ് ഇത് നിര്‍മിച്ചത്. ശുദ്ധമായ പട്ടുനൂല്‍ തുണിയില്‍ സ്വര്‍ണം, വെള്ളി നൂലിഴകള്‍ കൊണ്ട് ചിത്രത്തുന്നലുകള്‍ നെയ്‌തെടുത്താണ് കിസ്‌വ തയ്യാറാക്കുന്നത്. 170 ലക്ഷം സൗദി റിയാലാണ് ഇതിന് ചെലവുവരുന്നത്. 820 കിലോഗ്രാമാണ് തൂക്കം. സ്വര്‍ണവും വെള്ളിയും ചേര്‍ന്ന് 150 കിലോയും കലര്‍പ്പുകളില്ലാത്ത 670 കിലോ വെള്ള പട്ടും ആണ് ഉപയോഗിക്കുന്നത്. ഹജ്ജിന്റെ രണ്ടു മാസം മുമ്പു തന്നെ കിസ്‌വ തയ്യാറായിരിക്കും


Read Previous

ഇന്ത്യയില്‍ നിന്നുളള കയറ്റുമതി നിരോധനം, യുഎഇയില്‍ അരി ക്ഷാമമുണ്ടാകില്ലെന്ന് വിപണി വിദഗ്ധർ

Read Next

സൗദി ക്രൗൺ പ്രിൻസ്​ ഒട്ടകോത്സവത്തിന് തുടക്കമായി​; വിജയികളെ കാത്തിരിക്കുന്നത് 3.83 കോടി രൂപ സമ്മാനം; അവസാന റൗണ്ട് മത്സരം ആഗസ്റ്റ് 28 ന് തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »