റിയാദ്: സൗദിയില്‍ ടാക്‌സി സേവനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിച്ചു. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സവാരി നിഷേധിക്കാനോ റദ്ദാക്കാനോ അവകാശമുള്ള സന്ദര്‍ഭങ്ങളും കഴിഞ്ഞ വര്‍ഷം ആരംഭിച്ച വനിതാ ടാക്‌സി സംബന്ധിച്ച നിയമങ്ങളും പുതിയ നിയമത്തില്‍ പരാമര്‍ശിക്കുന്നു.

വനിതാ ടാക്‌സി കാറുകളില്‍ പുരുഷന്‍മാരെ മാത്രമായി യാത്രചെയ്യാന്‍ അനുവദി ക്കില്ല. സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയാണ് വനിതാ ടാക്‌സി സംവിധാനം ആരംഭിച്ചത്. ഇതില്‍ പുരുഷന് യാത്ര ചെയ്യണമെങ്കില്‍ പ്രായപൂര്‍ത്തിയായ അടുത്ത ബന്ധുവായ സ്ത്രീ കൂടെ ഉണ്ടാവണം. നിയമം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും.
യാത്രക്കാരന്‍ എന്തെങ്കിലും സാധനങ്ങള്‍ മറന്നുവച്ചത് തിരികെനല്‍കുന്നത് പോലെ യുള്ള അടിയന്തര ആവശ്യത്തിന് മാത്രമേ ഡ്രൈവര്‍ യാത്രക്കാരനുമായി ഫോണില്‍ ബന്ധപ്പെടാന്‍ പാടുള്ളൂ. ഈ നിയമം യാത്രക്കാര്‍ക്കും ബാധകമാണ്. ടാക്‌സി വാഹന ത്തില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ യാത്രക്കാരന്‍ പണം നല്‍കേണ്ടതില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു പരിഷ്‌കാരം. മീറ്റര്‍ ഓണാക്കാതെയുള്ള യാത്ര സൗജന്യയാത്ര യായി കണക്കാക്കും.
യാത്രക്കാരന്‍ പുകവലിക്കുകയാണെങ്കില്‍ യാത്ര റദ്ദാക്കാന്‍ ഡ്രൈവര്‍ക്ക് അവകാശ മുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ വിസമ്മതിക്കുക, ഭക്ഷണം കഴിക്കുക, കാറിനോ ഉപകരണങ്ങള്‍ക്കോ കേടുവരുത്തുക, സ്റ്റിക്കറുകള്‍ നീക്കുക തുടങ്ങിയ സന്ദര്‍ഭങ്ങ ളിലും യാത്ര നിഷേധിക്കാം. പൊതുധാര്‍മിക മര്യാദ പാലിക്കാതിരിക്കുക, ഡ്രൈവറോട് മോശമായി പെരുമാറുക, അക്രമിക്കുക, മയക്കുമരുന്ന് ഉപയോഗിക്കുക, സുരക്ഷിതമ ല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ആവശ്യപ്പെടുക തുടങ്ങിയ സന്ദര്‍ഭങ്ങളിലും യാത്ര നിഷേധിക്കാവുന്നതാണ്.
അനുവദനീയമായതിനേക്കാള്‍ ഭാരം ടാക്‌സി കാറുകളില്‍ കയറ്റരുത്. ഡിക്കിയില്‍ കൊള്ളാത്ത വിധമുള്ള ലഗേജുകളും പാടില്ല. മദ്യം, മയക്കുമരുന്ന് പോലുള്ള നിരോധിത വസ്തുക്കളും വാഹനത്തില്‍ കയറ്റരുത്. ഇക്കാര്യങ്ങളില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്.
സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കി ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് ഏകദേശം നാല് വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് വനിതകള്‍ക്ക് ടാക്‌സി കാറുകള്‍ ഓടിക്കാന്‍ അനുമതി നല്‍കിയത്. റിയാദ്, ജിദ്ദ, ദമ്മാം, ജിസാന്‍, അസീര്‍, നജ്‌റാന്‍, ജൗഫ്, ഹായില്‍, ത്വാഇഫ് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്ന് ഫാമിലി ടാക്‌സി ലൈസന്‍സിന് സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. 200 റിയാലാണ് ലൈസന്‍സ് അപേക്ഷാ ഫീസ്.