ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റഷ്യയുമായുള്ള യുദ്ധത്തിനിടെ സൈനികരെ റിക്രൂട്ട് ചെയ്ത എല്ലാ സൈനിക തലവന്മാരെയും പുറത്താക്കി യുക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലെന് സ്കി.അഴിമതി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സെലെന്‍സ്കിയുടെ ഈ നടപടി.സൈനിക റിക്രൂട്ട്മെന്റിലെ അഴിമതി ഇല്ലാതാക്കുമെന്ന് സെലന്‍സ്കി പറഞ്ഞു.എല്ലാ റീജിയണല്‍ റിക്രൂട്ട്മെന്റ് സെന്ററുകളുടെയും തലവന്മാരെ പിരിച്ചുവിട്ട് രാജ്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ച ധീരരായ പോരാളികളെ നിയമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ഇന്ന് ചേര്‍ന്ന എന്‍എസ്ഡിസി യോഗമാണ് ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
രാജ്യത്തെ എല്ലാ സൈനിക റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളുടെയും മേധാവികളെ പിരിച്ചുവിടുകയാണെന്നും വ്യാപകമായ അഴിമതിയെക്കുറിച്ച് 112 കേസുകളില്‍ അന്വേഷണം ആരംഭിച്ചതായും സെലെന്‍സ്കി പറഞ്ഞു.33 റിക്രൂട്ട്മെന്റ് മേധാവികളെ പിരിച്ചുവിട്ടിട്ടുണ്ട്. പകരം യുദ്ധ പരിചയമുള്ള സൈനികരെ നിയമിക്കും.യുദ്ധം എന്താണെന്ന് ശരിക്കും അറിയാവുന്ന ആളുകളാണ് ഈ സംവിധാനം പ്രവര്‍ത്തിപ്പി ക്കേണ്ടത്. ആരോഗ്യം നഷ്ടപ്പെട്ടവരും കൈകാലുകള്‍ നഷ്ടപ്പെട്ടവരും, എന്നാല്‍ രാജ്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നവരുമായ സൈനികരെ മാത്രമേ റിക്രൂട്ട് ചെയ്യാന്‍ കഴിയൂവെന്നും സെലെന്‍സ്കി വ്യക്തമാക്കി.
സ്വന്തം സൈന്യത്തേക്കള്‍ നാലിരട്ടി വലിപ്പമുള്ള റഷ്യന്‍ സൈന്യത്തിനെതിരെ പോരാടാന്‍ പാടുപെടുകയാണ് യുക്രൈന്.ഇതിന്റെ ഭാഗമായി സൈനിക സേവന പ്രായത്തിലുള്ള പുരുഷന്മാര് രാജ്യം വിടുന്നത് വിലക്കിയിട്ടുണ്ട്.കഴിഞ്ഞ മാസം ക്രാമാറ്റോര്‍സ്കിലെ ഒരു റിക്രൂട്ട്മെന്റ് സെന്ററിലെ മൂന്ന് ജീവനക്കാര്‍ സൈനികരെ ഡ്യൂട്ടിക്ക് യോഗ്യരല്ലെന്നും യുക്രൈന് വിടാന്‍ ഇവര്‍ക്ക് തടസമില്ലെന്നും വരുത്തി ത്തീര്‍ക്കാന്‍ വ്യാജ രേഖകള്‍ ചമച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തില്‍ റഷ്യയിലെ 1.80 ലക്ഷം സൈനികരും യുക്രൈനിലെ ഒരു ലക്ഷം സൈനികരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പാശ്ചാത്യ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ കണക്ക്.അതേസമയം, 2023 ഫെബ്രുവരി 23 ഓടെ 1,45,850 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രൈന് അവകാശപ്പെട്ടത്.എന്നാല്‍ യുക്രൈന് ഒരിക്കലും സ്വന്തം സൈനികരുടെ മരണസംഖ്യ പുറത്തുവിട്ടിട്ടില്ല.